സൂപ്പർഹിറ്റായി കലങ്കി’ന്റെ ട്രെയ്‌ലർ

April 4, 2019

അഭിഷേക് വർമ്മൻ സംവിധാനം നിർവഹിക്കുന്ന ബോളിവുഡ് ചിത്രം ‘കലങ്കിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മനോഹരമായ നൃത്തരംഗങ്ങളും ദൃശ്യവിസ്മയങ്ങളും കൊണ്ട് ആരാധക ഹൃദയം കീഴടക്കുന്ന രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഇന്നലെ പുറത്തുവിട്ട ട്രെയ്‌ലർ ഇതിനോടകം ഒരു കോടിയിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

വരുൺ ധവാൻ പ്രധാന കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സൊനാക്ഷി സിൻഹ, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

സ്വാതന്ത്രത്തിന് മുൻപുള്ള കഥ പറയുന്ന ചിത്രമാണ് കലങ്ക്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസർ നിർമ്മിച്ചിരിക്കുന്നത്.

Read also : ‘കൈക്കുഞ്ഞുമായി ആ അമ്മ മനസുതുറന്ന് പാടി’; കോഴിക്കോട് ബീച്ചിൽ അലയടിച്ച മധുര സുന്ദര ഗാനത്തിന്റെ ഉടമയെത്തേടി സംഗീത സംവിധായകൻ, വീഡിയോ

ഭാഷാഭേദമന്യേ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു കലങ്കിലെ വീഡിയോ ഗാനംങ്ങളും. വരുണ്‍ ധവാനാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് ഗാനത്തിലെ വരികള്‍. പ്രീതം സംഗീതം പകര്‍ന്നിരിക്കുന്നു. അര്‍ജിത് സിങും നീതി മോഹനും ചേര്‍ന്നാണ് ആലാപനം. ഗാനരംഗത്തിന്റെ കൊറിയോഗ്രഫി ഏറെ മികച്ചതാണെന്നാണ് ചലച്ചിത്രരംഗം അഭിപ്രായപ്പെടുന്നത്. റെമോ ഡിസൂസയാണ് ഈ മനോഹര ഗാനരംഗത്തിന്റെ കൊറിയോഗ്രഫി. വരുണ്‍ ധവാനെ പ്രശംസിക്കുന്നവരും നിരവധിയാണ്.

അതേസമയം ചിത്രം തന്റെ ഡ്രീം പ്രോജക്റ്റ് ആയിരുന്നുവെന്നും ഇത് പൂർത്തിയാകുന്നതോടെ തന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കുകയെന്നും കരൺ ജോഹർ അഭിപ്രായപ്പെട്ടിരുന്നു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കരൺ ജോഹറിന്റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് കലങ്ക് എന്ന ചിത്രം. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ പ്രഗത്ഭനായ ഒരു സംവിധായകന്റെ കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കരൺ ജോഹർ അഭിപ്രായപ്പെട്ടിരുന്നു.