തകര്‍ന്നടിഞ്ഞ് ഡല്‍ഹി; രാജാക്കന്മാരായ് പഞ്ചാബ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂട്ടത്തകര്‍ച്ച. കിങ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് ഡല്‍ഹിക്ക് വിജയം കൈയെത്താ ദൂരത്തായത്. പഞ്ചാബിനെതിരെ 167 റണ്‍സ് ആയിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയലക്ഷ്യം. എന്നാല്‍ 19.2 ഓവറില്‍ 152 റണ്‍സിന് ഡല്‍ഹിക്ക് കളം വിടേണ്ടി വന്നു. 14 റണ്‍സിന്റെ വിജയം നേടിയ പഞ്ചാബ് കളത്തില്‍ രാജാക്കന്മാരായി.
ബൗളിങിലായിരുന്നു കിങ്സ് ഇലവന് പഞ്ചാബ് മിന്നും പ്രകടനം കാഴ്ചവെച്ചത്. ഹാട്രിക്ക് അടക്കം നാല് വിക്കറ്റ് നേടിയ സാം കറനും രണ്ട് വിക്കറ്റ് വീതം നേടിയ അശ്വിനും ഷമിയുമാണ് ഡല്‍ഹിയുടെ റണ്‍വേട്ടയെ ചെറുത്ത് തോല്പിച്ചത്. സാം കറന്റെ ഹാട്രിക്കില്‍ ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, സന്ദീപ് ലാമിഷാനെ എന്നിവര്‍ കളം വിട്ടു.
ഡേവിഡ് മില്ലറാണ് പഞ്ചാബിന്റെ ബാറ്റിങ്ങ് നിരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. 30 പന്തില്‍ നിന്നുമായി 43 റണ്‍സ് മില്ലര്‍ നേടി. 39 റണ്‍സ് എടുത്ത സര്‍ഫ്രാസ് ഖാനും 29 റണ്‍സെടുത്ത മന്ദീപ് സിങും കളിയില്‍ തിളങ്ങി. ടോസ് നഷ്ടപെട്ട കിങ്സ് ഇലവന് പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സെടുത്തത്.
കിങ്സ് ഇലവന് പഞ്ചാബിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് തുടക്കം മുതല്‍ക്കെ പാളിച്ചകളായിരുന്നു. ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷാ പുറത്തായി. തുടര്‍ന്ന് ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ടീമിനെ മുമ്പോട്ട് നയിച്ചു. ധവാന് 30 റണ്‍സും അയ്യര്‍ 28 റണ്‍സുമാണ് നേടിയത്. പിന്നീട് കളത്തിലിറങ്ങിയ ഋഷഭ് പന്ത് ഡല്‍ഹിയെ കരകയറ്റുമെന്നാണ് കരുതിയത്. എന്നാല്‍ 39 റണ്‍സ് എടുത്ത് പന്തും കളം വിട്ടു. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. തൊട്ടുപിന്നാലെ 38 റണ്‍സുമായി ഇന്‍ഗ്രാമും കളം വിട്ടതോടെ ഡല്‍ഹിക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് വന്ന താരങ്ങള്‍ക്ക് കാര്യമായ റണ്‍ വേട്ട നടത്താനായില്ല.