കാസര്‍ഗോഡ് സ്ലാങിലൊരു കിടിലന്‍ ‘ലൂസിഫര്‍’ റിവ്യു; കൈയടി നേടിയ വീഡിയോയ്ക്ക് പിന്നിലെ താരം ഈ മിടുക്കി

April 6, 2019

നാളുകള്‍ കുറച്ചേറെയായി മലയാള ചലച്ചിത്രലോകത്ത് ലൂസിഫര്‍ തരംഗം അലയടിച്ചു തുടങ്ങിയിട്ട്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ലൂസിഫര്‍. തീയറ്ററുകളില്‍ ചിത്രം കൈയടി നേടുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തെക്കുറിച്ചുള്ള തികച്ചും വിത്യസ്തമായൊരു റിവ്യു. തനി നാടന്‍ കാസര്‍ഗോഡ് സ്ലാങിലാണ് ഈ റിവ്യു അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് മുഖ്യ ആകര്‍ഷണം.

ഏറെ രസകരവും ഒപ്പം കൗതുകകരവുമാണ് ഈ റിവ്യൂ. ലൂസിഫര്‍ ഇതുവരെ കാണാത്തവരെ കാണാന്‍ പ്രേരിപ്പിക്കുകയും കണ്ടവരെ വീണ്ടും കാണാന്‍ കൊതിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ റിവ്യുവിന്റെ അവതരണം. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടി തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായെങ്കിലും വീഡിയോയ്ക്ക് പിന്നിലെ മിടുക്കിയെ തേടുകയായിരുന്നു സോഷ്യല്‍ മീഡിയ. ‘ഫ്ളവേഴ്‌സ് എഫ്എം 94.7 ലെ ആര്‍ജെ ആയ രശ്മി കെ നായരാണ് വൈറലായ ഈ വീഡിയോ റിവ്യുവിലൂടെ സോഷ്യല്‍ മീഡിയയുടെ കൈയടി നേടുന്നത്. കാഴ്ചക്കാരില്‍ നിന്നും ഏറെ മികച്ച അഭിപ്രായങ്ങളാണ് കാസര്‍ഗോഡ് ജില്ലയുടെ തനതു ഭാഷാ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ റിവ്യുവിന് ലഭിക്കുന്നതും. എന്തായാലും രശ്മിയും രശ്മിയുടെ മനോഹരമായ അവതരണവും ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി.

മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്. ചരിത്രം കുറിച്ചുകൊണ്ടുതന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡ് ഇതിനോടകം തന്നെ ലൂസിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ജനനേതാവായ പി കെ ആര്‍ എന്ന പി കെ രാംദാസിന്റെ മരണത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ ആരംഭം. പി കെ ആറിന്റെമരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവര്‍ക്കെതിരെ പോരാടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെയുമാണ് തുടര്‍ന്നുള്ള ചിത്രത്തിന്റെ പ്രയാണം.

ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ ആരാധകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന സിനിമയാണ് ലൂസിഫര്‍. അഭിനയത്തില്‍ വിസ്മയം സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ എന്ന കലാകാരനെ മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ സമ്മാനിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ പുലര്‍ത്തിയ മികവ് അസാമാന്യമെന്ന് തന്നെയാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍.

ചിത്രത്തില്‍ വില്ലനായി അവതരിച്ച വിവേക്ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിന്‍ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളര്‍ത്താനുമറിയാവുന്ന നേതാവായി സായ്കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.