തീയേറ്ററുകൾ പൂരപ്പറമ്പാക്കി രാജയും അതിരനും

April 12, 2019

മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരുന്ന രണ്ട് ചിത്രങ്ങളാണ് മധുരാജയും അതിരനും. വിഷു റിലീസായി രണ്ട് ചിത്രങ്ങളും ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ മികച്ച പ്രതികരണത്തോടെയാണ് ഇരു ചിത്രങ്ങളെയും ആരാധകർ സ്വീകരിക്കുന്നത്.മലയാളത്തിന്റെ മെഗസാറ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് മധുരരാജ. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും മമ്മൂട്ടിയുടെ കിടിലന്‍ ഡയലോഗുകളും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരുക്കിയ മധുരരാജയുടെ ടീസറിനും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘പോക്കിരാജ’യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ‘മധുരരാജ’യുടെ ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയയും ചിത്രത്തിലെത്തുന്നുണ്ട്.

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, സലീം കുമാര്‍, മണിക്കുട്ടന്‍, നോബി, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ്, സണ്ണി ലിയോൺ തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.

അതേസമയം മമ്മൂട്ടി ചിത്രം മധുരരാജയ്ക്കൊപ്പം തിയേറ്ററുകളിൽ ഇന്ന് എത്തുന്ന ചിത്രമാണ് അതിരൻ. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും സായി പല്ലവിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘അതിരന്‍’.

Read also: പ്രേക്ഷക ഹൃദയം കീഴടക്കി ലൂസിഫറിലെ പുതിയ ഗാനം; വീഡിയോ കാണാം..

തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയത്. വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ.

സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഇരു ചിത്രങ്ങളും വിഷു റിലീസായി ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ ഏറെ ആകാംഷയോടെ ചിത്രത്തിന്റെ ആദ്യ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.