കിടിലന്‍ താളത്തില്‍ മേര നാം ഷാജിയിലെ ‘കുണുങ്ങി കുണുങ്ങി’ പാട്ട്; വീഡിയോ

April 1, 2019

വെള്ളിത്തിരയില്‍ ചിരിമയം നിറയ്ക്കാന്‍ എത്തുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി’. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘മേരാ നാം ഷാജി’ എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു എന്ന പ്രഖ്യാപനം പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നതെന്നും നേരത്തെ സൂചന ലഭിച്ചിരുന്നു. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റില്‍മാന്‍ ഷാജിയുടെയും കഥ.

ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് മേര നാം ഷാജിയിലെ പുതിയൊരു ഗാനം. മലയാളികള്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ നാദിര്‍ഷ തന്നെയാണ് ആലാപനം. കുണുങ്ങി കുണുങ്ങി എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഗാനത്തിനു ലഭിക്കുന്നതും.

അതേസമയം മേരാ നാം ഷാജിയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് മേരാ നാം ഷാജി തീയറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു. ചിത്രത്തിലെ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തില്‍ വേഷമിടുന്നു. ഈ മൂന്നു ഷാജിമാരുടെയും ജീവിതം നര്‍മ്മരസം കലര്‍ത്തി പറയുകയാണ് മേരാ നാം ഷാജിയില്‍. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

Read more:ആവേശ പോരാട്ടത്തിനൊടുവില്‍ രാജസ്ഥാനെ തോല്‍പിച്ച് സൂപ്പര്‍ കിങ്‌സ്

‘കഥയിലെ നായകന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപാണ് ‘മേരാ നാം ഷാജി’യുടെ തിരക്കഥ. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് മേരാ നാം ഷാജി. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും മേരാ നാം ഷാജി എന്ന സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.