എൻ എഫ് വർഗീസിന്റെ ഓർമ്മയിൽ പുതിയ സംരംഭവുമായി കുടുംബം; പങ്കുവെച്ച് മഞ്ജു വാര്യർ

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ മരിക്കാത്ത ഓർമ്മയായി നിൽക്കുന്ന കഥാപാത്രമാണ് എൻ എഫ് വർഗീസ്. സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാള സിനിമയ്ക്ക് ഒഴിച്ചുകൂട്ടാനാവാത്ത ഈ അതുല്യകലാകാരൻ ഓർമ്മയായിട്ട് പതിനേഴ് വർഷങ്ങൾ പിന്നിട്ടു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വില്ലനായും സഹനടനയുമൊക്കെ നിറഞ്ഞു നിന്ന ഈ കലാകാരന്റെ ഓർമ്മകളിൽ പുതിയ സിനിമ നിർമ്മാണ സംരംഭത്തിന് തുടക്കം കുറിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ.
വർഗ്ഗീസിന്റെ സ്മരണാർത്ഥം എൻ എഫ് വർഗീസ് പിക്ചേഴ്സ് എന്ന പേരിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. മഞ്ജു വാര്യരാണ് ഈ വാർത്ത ആരാധകരുമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
Read also: ഇതാണ് ലൂസിഫറിലെ ആ രഹസ്യം; തരംഗമായി അവസാന ക്യാരക്ടർ പോസ്റ്റർ
മഞ്ജു വാര്യരുടെ പോസ്റ്റ് വായിക്കാം
‘ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്ന പ്രതിഭയാണ് ശ്രീ എൻ.എഫ്.വർഗീസ്. ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വർഗീസേട്ടന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരംഭിക്കുന്ന ഈ പുതിയ നിർമ്മാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയിൽ ഒരുപാട് നല്ല സിനിമകൾ നമുക്ക് കാണാൻ സാധിക്കട്ടെ!
ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ട അദ്ദേഹം കാറോടിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതം മൂലം 2002 ജൂൺ 19-ന് മരണമടഞ്ഞു.