മഞ്ഞൾ സുഗന്ധമുള്ള ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ…

April 11, 2019

കാര്യത്തിൽ അല്പം കൗതുകം-2

നെല്ലും കരിമ്പും മഞ്ഞളും ഇടതൂർന്ന നിസാമാബാദിലെ ഗ്രാമങ്ങളിലെല്ലാം എപ്പോഴും  മഞ്ഞളിന്റെ സുഗന്ധമാണ്… വരണ്ട ഇലപൊഴിയും കാടുകൾ നിറഞ്ഞ തെലുങ്കാനയിലെ  ജില്ലയായ നിസാമാബാദിൽ തേക്ക്, എബണി തുടങ്ങിയ വൃക്ഷങ്ങൾ ഇടതൂർന്ന് നിൽക്കുമ്പോഴും മഞ്ഞളിന്റെ മണമുള്ള ഗ്രാമങ്ങളാണ് നിസാമാബാദിന്റെ സൗന്ദര്യം വിളിച്ചോതുന്നത്..

ഇന്ത്യ മുഴുവൻ തെരഞ്ഞെടുപ്പിന്റെ തിരക്കിൽ ഇരിക്കുമ്പോഴും നിസാമാബാദിലെ ഗ്രാമങ്ങളിലെല്ലാം മഞ്ഞളിന്റെ നിറവും മണവും മാത്രമാണ്…ഗ്രാമത്തിലെ ഓരോ വീടുകളിലും സ്ഥാനാർത്ഥികൾ അടക്കമുള്ളവർ മഞ്ഞൾ കഴുകി ഉണങ്ങി പുഴുങ്ങിയ ശേഷം പൊടിക്കാനുള്ള തയാറെടുപ്പിലാണ്.. പോരാട്ടച്ചൂടിൽ ഇന്ത്യ കത്തിക്കരിയുമ്പോൾ നിസാമാബാദ് മണ്ഡലവും പോരാട്ട ചൂടിൽ തന്നെയാണ്. കാരണം ഇത്തവണ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലം നിസാമാബാദ് തന്നെയാണെന്നാണ് സൂചന..179 സ്ഥാനാർത്ഥികളാണ് ഇത്തവണ ഈ മണ്ഡലത്തിൽ നിന്നും  മത്സരത്തിനിറങ്ങുന്നത്. അതിൽ175 സ്ഥാനാർത്ഥികളും മഞ്ഞൾ കർഷകരാണ് എന്നുള്ളതാണ് ഏറ്റവും രസകരമായ സംഭവം. മഞ്ഞൾ ബോർഡ് രൂപവത്കരിക്കാൻ കേന്ദ്രം നടപടി എടുക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധവുമായാണ് ഇത്രയും കർഷകർ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നത്.

ഇത്രയധികം ആളുകൾ മത്സരിക്കാൻ എത്തിയതോടെ വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റാൻ ഇലക്ഷൻ കമ്മീഷൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് മെഷീനിൽ തന്നെ വോട്ടെടുപ്പ് നടത്താൻ തീരുമാനത്തിലെത്തുകയായിരുന്നു. ഇതിനുവേണ്ടി മാത്രം 25000 മെഷീനുകളാണ് മണ്ഡലത്തിലെത്തിച്ചിരിക്കുന്നത്.

Read also: കാര്യത്തിൽ അല്പം കൗതുകം –ഇവിടെ മകൾ ജയിക്കണമെങ്കിൽ അച്ഛൻ തോൽക്കണം

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കും ഇന്ത്യക്ക് പുറത്തേക്കുമൊക്കെ മഞ്ഞൾ കയറ്റി അയയ്ക്കുന്നത് പ്രധാനമായും നിസാമാബാദിലെ കൃഷി ഭൂമിയിൽ നിന്നുമാണ്. എന്നാൽ കൃഷിക്കാർക്ക് കൃത്യമായ രീതിയിലുള്ള വരുമാനവും സബ്‌സീഡികളും ലഭ്യമാകുന്നില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ കൃഷിക്കാരുടെ അവസ്ഥ വളരെ ദുഖകരമാണ്. മഞ്ഞൾ ബോർഡ് രൂപവത്കരിക്കാൻ കേന്ദ്രം നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കർഷകർ വേറിട്ട പ്രതിഷേധ മാർഗവുമായി തിരഞ്ഞെടുപ്പിൽ  മത്സരിക്കാൻ ഇറങ്ങിയത്.

അതേസമയം നിസാമാബാദിൽ ശക്തമായ സ്ഥാനാർത്ഥിയായി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവുവിന്റെ മകൾ കെ കവിതയും മറ്റ് മൂന്ന് സ്ഥാനാർത്ഥികളും രംഗത്തുണ്ട്.