എറണാകുളത്തുനിന്നും തമിഴ്‌നാട് ഇലക്ഷനിലേക്ക് ഉറ്റുനോക്കി ഒരു ഗ്രാമം…

April 16, 2019

കാര്യത്തിൽ അല്പം കൗതുകം- 3 

പോസ്റ്ററുകൾ പതിപ്പിച്ചും, പ്രചാരണങ്ങൾ നടത്തിയും വെയിലും ചൂടും മറന്ന് എറണാകുളവും ഇലക്ഷൻ ചൂടിലാണ്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ തിളങ്ങി പി രാജീവും, കൈപ്പത്തി ഉയർത്തി ഹൈബി ഈഡനും താമരയിൽ വിരിഞ്ഞ് അൽഫോൻസ് കണ്ണന്താനവുമൊക്കെ എറണാകുളത്തിന്റെ ഭിത്തികളിൽ ചിരിച്ച മുഖവുമായി നിറഞ്ഞുനിൽക്കുമ്പോൾ എറണാകുളത്തുനിന്നും തമിഴ്‌നാട്ടിലെ ഇലക്ഷനിലേക്ക് ഉറ്റുനോക്കി നിൽക്കുകയാണ് വാത്തുരുത്തിക്കാർ…

എറണാകുളത്ത് തിരഞ്ഞെടുപ്പ് ആവേശം വാനോളം കത്തിനിൽക്കുമ്പോഴും എറണാകുളത്തെ ഉൾഗ്രാമങ്ങളിൽ ഒന്നായ വാത്തുരുത്തിയിലെ ആളുകളുടെ മനസ്സിൽ ഇപ്പോഴും രണ്ടിലയും ഉദയ സൂര്യനുമൊക്കെയാണ്…എറണാകുളത്തിരുന്നുകൊണ്ട് ഇവർ ചിന്തിക്കുന്നതും തമിഴ്നാട് മന്ത്രിസഭ വീഴുമോ ഇല്ലയോ എന്നുതന്നെയാണ്..1000 ലേറെ വോട്ടർമാരാണ് വാത്തുരുത്തിയിലെ തമിഴ് കോളനിയിൽ നിന്നും തമിഴ്നാട് ഇലക്ഷനിലേക്ക് ഉറ്റുനോക്കി നിൽക്കുന്നത്.

ഈ മാസം 18 നാണ് തമിഴ്നാട് ഇലക്ഷൻ നടക്കുന്നത്. 16 ന് തന്നെ തമിഴ്‌നാട്ടിലേക്ക്  പോകാൻ തയാറായി നിൽക്കുകയാണ് വാത്തുരുത്തിയിലെ തമിഴ് വോട്ടർമാർ. വാത്തുരുത്തിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകാൻ ഏകദേശം ആയിരം രൂപ ചിലവാകും. പക്ഷെ അവിടെയെത്തിയാൽ ഈ കാശ് തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഈ കോളനി നിവാസികൾ.

Read also: കാര്യത്തിൽ അല്പം കൗതുകം; മഞ്ഞൾ സുഗന്ധമുള്ള ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ…

അതേസമയം കലൈഞ്ജരും അമ്മയുമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽ ഡി എം കെ നേതാവ് സ്റ്റാലിനും ടി ടി വി ദിനകരനും തമ്മിലാണ് ഇത്തവണത്തെ പ്രധാന മത്സരം.

തമിഴ്നാട്, പുതുച്ചേരി എന്നിവടങ്ങളിലെ 40 ലോക്സഭാ മണ്ഡലത്തിനൊപ്പം നിർണായക 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തന്നെ വാത്തുരുത്തിയിലെ തമിഴ്നാട്ടുകാരുടെ ആവേശവും ഇരട്ടിയാണ്. ഇത്തവണ വാത്തുരുത്തിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വണ്ടികയറുമ്പോൾ ഒന്നല്ല രണ്ട് വോട്ട് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് എറണാകുളത്തെ തമിഴ്‍നാട് വോട്ടേഴ്‌സ്. മന്ത്രിസഭയുടെ നിലനിൽപ്പ് തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് അവിടെ നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റിലെങ്കിലും എ ഐ എ ഡി എം കെ ജയിച്ചില്ലെങ്കിൽ മന്ത്രിസഭ വീഴുമെന്നാണ് സൂചന.

എന്തായാലും എറണാകുളത്തുനിന്നും തമിഴ്‌നാട്ടിലേക്ക് ഉറ്റുനോക്കുന്ന വാത്തുരുത്തിക്കാർക്കും പറയാനും ചിന്തിക്കാനും ഉള്ളത് തിരഞ്ഞെടുപ്പിനെക്കുറിച്ചുമാത്രമാണ്..