പ്രഭുദേവയ്ക്ക് വ്യത്യസ്ഥമായൊരു പിറന്നാൾ സമ്മാനം; വീഡിയോ കാണാം..

April 9, 2019

മികച്ച അഭിനയം കൊണ്ടും ചടുലമായ നൃത്തചുവടുകൾക്കൊണ്ടും തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയ  താരമാണ് പ്രഭുദേവ. ഒരുകാലത്ത് തെന്നിന്ത്യ മുഴുവൻ കോളിളക്കം സൃഷ്ടിച്ച പ്രഭുദേവയുടെ ‘ഉറുവശി ഉറുവശി’ എന്ന ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ഇപ്പോഴിതാ ആസ്വാദക മനസ്സിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് പ്രഭുദേവയുടെ ഈ ഗാനം. പ്രഭുദേവയുടെ പിറന്നാളിനോടനുബന്ധിച്ച് കൊറിയോഗ്രാഫർ ഗണേഷ് കുമാർ ഒരുക്കിയ പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

‘ഹാപ്പി ബർത്ത്ഡേ പത്മശ്രീ പ്രഭുദേവ’ എന്ന് പറഞ്ഞുകൊണ്ട് തയാറാക്കിയിരിക്കുന്ന വീഡിയോ, പ്രഭുദേവയുടെ പഴയ ഉറുവശി എന്ന ഗാനം അതേപടി പുനരാവിഷ്കരിച്ചിരിക്കുകയാണ്. ഏപ്രിൽ മൂന്നിനായിരുന്നു പ്രഭുദേവയുടെ പിറന്നാൾ. പ്രഭുദേവയുടെ അതേ നൃത്തച്ചുവടുകളുമായി എത്തിയ ഗണേഷിന് ആശംസകളുമായി ഇതോടെ നിരവധി ആളുകളാണ് എത്തിയത്.

തെന്നിന്ത്യ മുഴുവൻ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച ഗാനമാണ് പ്രഭുദേവയും വടിവേലുവും ചേർന്ന് തകർത്തഭിനയിച്ച ഉറുവശി ഉറുവശി എന്ന ഗാനം. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ. റഹ്മാനാണു സംഗീതം നൽകിയിരിക്കുന്നത്. എ.ആർ. റഹ്മാനൊപ്പം സുരേഷ് പീറ്റേറ്റേഴ്സും ഷാഹുല്‍ ഹമീദും ചേർന്നാണു ഈ ഗാനം ആലപിച്ചിരിക്കുന്നത്.


ഇപ്പോഴിതാ 90 കളിൽ തെന്നിന്ത്യയിൽ കോളിളക്കം സൃഷ്ടിച്ച ആ ഗാനത്തിന് പുനരാവിഷ്കാരം നൽകി ഗണേഷ് കുമാർ എത്തുമ്പോഴും നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

Read also: അനൂപ് സത്യൻ അന്തിക്കാട് സംവിധായകനാകുന്നു; പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും, ശോഭനയും നസ്രിയയും

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ  നടനായും, ചലച്ചിത്ര സംവിധായകനായും, നൃത്ത സംവിധായകനായും തിളങ്ങിയ താരമാണ് പ്രഭു ദേവ എന്നറിയപ്പെടുന്ന പ്രഭു ദേവ സുന്ദരം. ആദ്യകാലത്ത് നൃത്ത സംവിധാനവും പിന്നീട് അഭിനയത്തിലേക്കും ചുവടുവെച്ച താരം തമിഴ് സിനിമയുടെ ഒരു അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. പ്രഭുദേവ നൃത്ത സംവിധായകനായ ആദ്യ ചിത്രം വെട്രി വിഴയാണ്. ഏകദേശം 100 ലധികം ചിത്രങ്ങൾക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. ശങ്കർ ചെയ്ത കാതലൻ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായി അഭിനയിച്ചത്.  പിന്നീട് നിരവധി തമിഴ് , തെലുങ്ക്, കന്നട ചിത്രങ്ങളിൽ അഭിനയിച്ചു.