‘ലാലേട്ടന് ഒരു ഫിലിം മേക്കറാണ്, വേണമെങ്കില്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ റെക്കോര്‍ഡ് ചെയ്തുവെച്ചോളൂ’ മോഹന്‍ലാലിനെക്കുറിച്ച് പൃഥ്വിരാജ് അന്ന് പറഞ്ഞത്; വീഡിയോ
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത മഹാനടനാണ് മോഹന്‍ലാല്‍. അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടുമെല്ലാം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രതിഭ. 1978 ല്‍ പുറത്തിറങ്ങിയ തിരനോട്ടം മുതല്‍ 2019-ല്‍ തീയറ്റുളിലെത്തിയ ലൂസിഫര്‍ വരെ എത്തി നില്ക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ അവിസ്മരണീയ കഥാപാത്രങ്ങള്‍. എന്നാല്‍ മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നതാണ് ചലച്ചിത്ര ലോകത്തെ ശ്രദ്ധേയമായ വാര്‍ത്ത.
ബറോസ്സ് എന്നാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്. ത്രിഡിയിലാണ് ഈ ചിത്രം ഒരുക്കുന്നത്. സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന വിശേഷം താരം തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചതും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ്സ് എന്നും താരം വ്യക്തമാക്കി. അതേസമയം മോഹന്‍ലാലിനെക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ലൂസിഫര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്സ് ടിവിക്ക് നല്കിയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് പൃഥ്വിരാജിന്റെ മനോഹരമായ വാക്കുകള്‍. ‘ ലാലേട്ടന് ഒരു ഫിലിം മേക്കറാണ്. അത് ഇന്ന് ഞാന്‍ പറഞ്ഞു. വേണമെങ്കില്‍ നിങ്ങള്‍ ഇത് റെക്കോര്‍ഡ് ചെയ്തുവെച്ചോളൂ’ പൃഥ്വിരാജ് പറഞ്ഞു.
‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വിത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.
Read more:ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയായ് ദീപിക; ശ്രദ്ധേയമായി മേയ്ക്ക്ഓവര് വീഡിയോ
ഗോവയിലാണ് ബറോസ്സ് എന്ന സിനിമയുടെ ചിത്രീകണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിദേശ അഭിനേതാക്കളും അണിനിരക്കുമെന്നാണ് സൂചന. അതേസമയം സിനിമ സംവിധാനം ചെയ്യുക എന്ന തീരുമാനം മുന്‍കൂട്ടി എടുത്തതല്ലെന്നും സംഭവിച്ചുപോയതാണെന്നും താരം ബ്ലോഗില്‍ കുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിന്റെ സംവിധായകന് ജിജോ പുന്നൂസുമായി സംസാരിക്കുമ്പോള്‍ ലഭിച്ച ഒരു ത്രെഡില്‍ നിന്നുമാണ് ബറോസ്സ് എന്ന ചിത്രത്തിന്റെ കഥ വികസിച്ചതെന്നും മോഹന്‍ലാല്‍ കുറിച്ചു.