സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; സത്യനായി ജയസൂര്യ
മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. അഭിനയത്തിന്റെ അതിജീവന പാഠമായിരുന്ന സത്യനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് മലയാളത്തിന്റെ പ്രിയനടൻ ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായിരുന്നു സത്യൻ. ജീവിതം മുന്നോട്ട് വച്ച എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച സത്യൻ 20 വർഷക്കാലം മലയാള സിനിമയുടെ അഭിമാനമായി വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു. മലയാളികൾക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ സത്യന്റെ ‘ഓടയില്‍ നിന്നി’ലെ പപ്പുവും ‘മുടിയനായ പുത്രനി’ലെ രാജനും ‘ചെമ്മീനി’ലെ പളനിയും നീലക്കുയിലി’ലെ ശ്രീധരന് മാസ്റ്ററും ‘വാഴ്വേമായ’ത്തിലെ സുധീന്ദ്രനും ‘കുട്ട്യേടത്തി’യിലെ അപ്പുക്കുട്ടനുമെല്ലാം മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച കഥാപാത്രങ്ങളാണ്.
സത്യൻ എന്ന അനശ്വര നടനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ജയസൂര്യയാണ്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്ഥതകൊണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ജയസൂര്യ. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ‘ക്യാപ്റ്റന്‍’. മലായളത്തിലെ ആദ്യ ബയോപിക് ചിത്രമായിരുന്നു ജയസൂര്യ നായകനായെത്തിയ ‘ക്യാപ്റ്റന്‍’. ഫുട്ബോള്‍നായകന്‍ വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഏറെ പ്രശംസയും നേടിയിരുന്നു. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തിയ ഞാൻ മേരിക്കുട്ടി, ലൂക്കാച്ചിപ്പി, സു സു സുധിവാത്മീകം തുടങ്ങി നിരവധി ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ താരമാണ് ജയസൂര്യ. ക്യാപ്റ്റന്‍’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെത്തേടി പുരസ്കാരമെത്തിയത്.