‘സൗഹൃദം തേങ്ങയാണ്, മനുഷ്യത്വത്തിലാണ് കാര്യം’; മീ ടൂ വിവാദത്തിന് ശേഷം അലൻസിയർ തന്നെ സമവായ ചർച്ചകൾക്ക് വിളിച്ചിരുന്നു…വെളിപ്പെടുത്തലുമായി ശ്യാം പുഷ്കർ
അലൻസിയർക്കെതിരെ ഉയർന്ന മീ ടൂ വിവാദത്തിൽ താൻ സ്വീകരിച്ച നിലപാട് വ്യക്തമാക്കി തിരക്കഥാകൃത്ത് ശ്യാം പുഷ്കർ. ഡബ്ള്യൂ സി സിയുടെ രണ്ടാം വാര്ഷികാഘോഷത്തിനിടെ നടന്ന ചടങ്ങിൽ വച്ചാണ് ശ്യാം പുഷ്കർ തന്റെ സുഹൃത്തും നടനുമായ അലൻസിയർക്കെതിരെ ഉയർന്നുവന്ന വിവാദങ്ങളിൽ താൻ അന്നെടുത്ത നിലപാടുകൾ വെളിപ്പെടുത്തിയത്.
‘സൗഹൃദം തേങ്ങയാണ് മനുഷ്യത്ത്വമാണ് പ്രധാനം’ ശ്യാം പുഷ്കർ പറഞ്ഞു. കഴിഞ്ഞ വർഷമാണ് സിനിമ ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ മീ ടൂ വിവാദം ഉയർന്നത്. എന്നാൽ ആ സമയം അദ്ദേഹവുമായി താൻ സന്ധി സംഭാഷണങ്ങൾക്ക് പോയിരുന്നില്ല. ആണധികാര ലോകത്ത് ഭീരുവായി പോകുന്ന തന്നെപോലുള്ളവർക്ക് ധൈര്യം നൽകുന്ന സംഘടനയാണ് ഡബ്ള്യൂ സി സിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണം ഉണ്ടായ സമയത്ത് അലൻസിയർ തന്നെ വിളിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഇരയായ പെൺകുട്ടിയ്ക്ക് തക്കതായ തരത്തിലുള്ള ഒരു പരിഹാരം ഉണ്ടാകുന്നതുവരെ ഒരു തരത്തിലുമുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്കുമില്ലെന്നാണ് അന്ന് താൻ അദ്ദേഹത്തോട് പറഞ്ഞത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ താൻ സൗഹൃദത്തിനല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് ശ്യാം പുഷ്കർ കൂട്ടിച്ചേർത്തു.
2018 ഒക്ടോബറിലാണ് ഒരു ബ്ലോഗിലൂടെ അലൻസിയർക്കെതിരെ ഗുരുതരമായ ആരോപണമുയർത്തി ഒരു നടി രംഗത്തുവന്നത്. എന്നാൽ പിന്നീട് സംഭവം വിവാദമായതോടെ അലൻസിയർ തനിക്കെതിരെ ആരോപണമുയർത്തിയ നടിയോട് പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു.