ഇന്ന് ദുഖവെളളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവസഭ
![](https://flowersoriginals.com/wp-content/uploads/2019/04/68421-malayattoor.jpg)
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശുവിന്റെ പീഡാസഹനത്തെയും കാൽവരിയിലെ കുരിശുമരണത്തെയും അനുസ്മരിക്കുന്ന ദിനമാണ് ദുഃഖവെള്ളി. മിക്ക ദേവാലയങ്ങളിലും പകൽ മുഴുവൻ പ്രാർഥനചടങ്ങുകൾ നീളും. ഞായറാഴ്ചയാണ് യേശുവിന്റെ ഉയിർത്തെഴുന്നേൽപ് അനുസ്മരിക്കുന്ന ഈസ്റ്റർ. ഇതോടെ 50 ദിവസം നീണ്ടുനിൽക്കുന്ന വലിയ നോമ്പിന് അവസാനമാകും. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും ഇന്നലെ കാല്‍കഴുകല്‍ ശുശ്രൂഷയും, കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായി അപ്പം മുറിക്കലും നടന്നു.
ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ ഇന്ന് നടക്കുക. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാകും. ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്മ പുതുക്കിയാണ് കുരിശിന്റെ വഴി ഒരുക്കുക.