“പിള്ളേച്ചാ…, നമ്മുടെ സിനിമ റിലീസ് ആയി”: ഹൃദയം തൊടും ‘ഉയരെ’ സംവിധായകന്റെ ഈ കുറിപ്പ്

April 29, 2019

രാജേഷ് പിള്ളയെ ഓര്‍മ്മയില്ലേ… എങ്ങനെ മറക്കാനാകും അല്ലേ… മലയാള ചലച്ചിത്രലോകത്ത് ക്രീയാത്മകതയുടെ ഒരു തൂവല്‍ ബാക്കിവെച്ചിട്ടാണ് അദ്ദേഹം വിടപറഞ്ഞത്. അല്ലെങ്കിലും മരണം പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയാണല്ലോ. രാജേഷ് പിള്ളയോടുള്ള ആദര സൂചകമായി ഉയരെ സിനിമയുടെ സംവിധായകന്‍ മനു അശോകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. രാജേഷ് പിള്ളയുടെ ശിഷ്യനാണ് മനു അശോകന്‍.

മനു അശോകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

പിള്ളേച്ചാ..
നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ… എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ… മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍… പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല..miss you badly

കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ… ലവ് യു..

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ‘ഉയരെ’ എന്ന ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

Read more:പൂര്‍ണ്ണിമയ്ക്ക് ഒപ്പം അഭിനയിക്കാന്‍ സമ്മതിച്ചില്ലെന്ന് ഇന്ദ്രജിത്ത്; മനപൂര്‍വ്വം സമ്മതിക്കാത്തതാണെന്ന് ആഷിഖ് അബു: ചിരി വിഡീയോ

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.