‘ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെക്കണ്ടു’; വൈറലായി വിജയ് സേതുപതിയെക്കുറിച്ചുള്ള കുറിപ്പ്

April 15, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. സേതുപതിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. അഭിനയത്തിലെ മികവ് കൊണ്ടുമാത്രമല്ല ആരാധകരോടുള്ള ഇടപെടൽ കൊണ്ടുകൂടിയാണ് താരം ആരാധകർക്ക് പ്രിയപെട്ടവനാകുന്നത്. വിജയ് സേതുപതി മലയാളത്തിലേക്ക് എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ജയറാം നായകനാകുന്ന മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് സേതുപതി മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ മലയാള ചിത്രത്തിനിടെ മുതിർന്ന തിരക്കഥാകൃത്ത് ജോൺ പോളിനെ സേതുപതി സ്വീകരിച്ച കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. എളിമനിറഞ്ഞ ആ വലിയ നടനെക്കുറിച്ച് ജോളി ജോസഫ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ തരംഗമാകുന്നത്.

ജോളി ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ഞാൻ ചെയ്യാൻ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങൾ തീർക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോൺ പോൾ സാറുമായി ഇന്ന് കറങ്ങിയത്. വിശേഷങ്ങൾ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിൻ ഭാരതി സംവിധാനം ചെയ്ത ”മെർകു തുടർചി മലൈ ” ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും. ആ സിനിമയുടെ നിർമാതാവ് സാക്ഷാൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണെന്ന് പലർക്കും അറിയില്ല. കഷ്ടപ്പാടിലൂടെ കയറിവന്ന നടൻ, നിർമാതാവ്, കവി, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ അതിനുമപ്പുറം ഒരു നല്ല മനുഷ്യൻ എന്നറിയപ്പെടുന്ന തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം ”മാർക്കോണി മത്തായി” എന്ന മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ സുഹൃത്തും, മലയാള സിനിമയുടെ സ്വന്തം ‘ബാദുഷ’യുമായ, കൺട്രോളർ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിംഗ് നടക്കുന്നത് ഇടപ്പള്ളിയിൽ ആണെന്നറിഞ്ഞത് .. !!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ, ഷൂട്ടിങ് സെറ്റിലേക്ക്..!!

ജോൺ സാർ വന്നതറിഞ്ഞു ഓടി വന്നൂ നിർമാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടൻ, സംവിധായകൻ സനൽ കളത്തിൽ, കൺട്രോളർ ബാദുഷ, ആർട്ട് ഡയറക്ടർ സാലു കെ ജോർജ്, ഡാൻസ് മാസ്റ്റർ പ്രസന്ന, പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും… കാറിൽ നിന്നിറങ്ങാൻ സമ്മതിക്കാതെ എല്ലാരും സെൽഫി എടുക്കൽ , കൈ കൊടുക്കൽ , അങ്ങിനെ പൂരം .. ഞാൻ ജോൺ സാറിന്റെ ഡ്രൈവർ മാത്രം , ഒരുത്തനും എന്നെ മൈൻഡ് ചെയ്തില്ല…ബാദുഷ ഒഴികെ …!!!

Read also: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ലാലേട്ടനും സൂര്യയും; തരംഗമായി കാപ്പാന്റെ ടീസർ

വിഷണ്ണനായി ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ, എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നൂ വിജയ് സേതുപതി എന്ന സൂപ്പർ സ്റ്റാർ …!!! ഞാൻ ചാടിയിറങ്ങി, എന്നെ കണ്ടയുടനെ വന്നു, ”ഹലോ സർ” കൂടെ ഒരു ചെറു ചിരി ചേർന്ന കെട്ടിപ്പിടിത്തം, പിന്നെ നേരെ സാർ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പർസ്റ്റാർ, ജോൺ സാറെന്ന ഗുരുവിൽ ശിഷ്യപെടുന്നത് കണ്ണാലെ കൺകണ്ടു കൺകുളുർത്തു..! വെറുതെയല്ല തമിഴ്നാട് മക്കൾ, നിങ്ങളെ മക്കൾസെൽവം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല, മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിൻ ഭാരതി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല , പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു..