“നിപാ കാലത്ത് ഞാനും കോഴിക്കോട്”; ‘വൈറസ്’ സിനിമയ്ക്ക് ആശംസകളുമായി ഇര്ഫാന് പത്താന്
ഒരു വിങ്ങലോടെയല്ലാതെ കേരളത്തില്‍ പടര്‍ന്നുകയറിയ നിപാ വൈറസിനെ ഓര്‍ക്കാനാകില്ല. വൈറസ് ബാധയില്‍ ജീവന് പൊലിഞ്ഞവരെയും. നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. ദിവസങ്ങള്‍ക്കുമുമ്പാണ് പ്രേക്ഷകന്റെ ഉള്ളുലച്ച്, ഭയം നിറച്ച് വൈറസിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത്. ഒരു വൈറസ് പോലെ പ്രേക്ഷകന്റെ ഉള്ളിലാകെ പടര്‍ന്നുകയറിയിരുന്നു ഈ ട്രെയ്ലര്. നിരവധി പേര് ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. ട്രെയ്ലറിനു പിന്നാലെ നിരവധി പേര് നിപാ കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇപ്പോഴിതാ ‘വൈറസ് സിനിമയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്.
നിപാ കാലത്ത് താനും കോഴിക്കോട് ഉണ്ടായിരുന്നുവെന്ന് താരം ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിപാ കാലം വളരെ പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നുവെന്നും സ്വാര്‍ത്ഥതയില്ലാത്ത പോരാട്ടത്തിന്റെ കഥ പറയുന്ന ‘വൈറസ്’ സിനിമാ ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും ഇര്ഫാന് പത്താന് ട്വിറ്ററില്‍ കുറിച്ചു. ഒപ്പം ചിത്രത്തിന്റെ ട്രയ്ലറും താരം പങ്കുവെച്ചിട്ടുണ്ട്. ‘
നിപാ കാലത്ത് കേരളം അനുഭവിച്ച മാനസീക സംഘര്‍ഷങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം പച്ച കെടാതെതന്നെ ആവിഷ്കരിച്ചിട്ടുണ്ട് ചിത്രത്തിന്റെ ട്രെയ്ലറില്. രേവതി, കുഞ്ചാക്കോ ബോബന്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്, ചെമ്പന്‍ വിനോദ്, സൗബിന് സാഹിര്‍, ദിലീഷ് പോത്തന് തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ഈ ട്രെയ്ലറില്. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന് ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’ എന്നാണ് സൂചന.
Read more:ഓടുന്ന ട്രെയിനില്‍ ‘പൂമുത്തോളേ…’ എന്ന ഗാനത്തിന് മനോഹരമായൊരു ഫ്ലൂട്ട് സംഗീതം; കൈയടിച്ച് സോഷ്യല്‍മീഡിയ
ആഷിക് അബു 2009ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്.