18 ഏക്കറിൽ ഒരുങ്ങുന്നത് വമ്പൻ സെറ്റ്; മാമാങ്ക’ത്തിന്റെ വിശേഷങ്ങൾ അറിയാം
വള്ളുവനാട്ടിലെ വില്ലാളി വീരന്മാരായ ചാവേറുകളുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. 18 ഏക്കറോളമുള്ള സ്ഥലത്താണ് മാമാങ്കത്തിനായി വമ്പൻ സെറ്റ് ഒരുങ്ങികൊണ്ടിരിക്കുന്നത്. അവസാന ഘട്ട ഷൂട്ടിങ്ങിന് വേണ്ടിയാണ് ഈ സെറ്റ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളാണ് ഈ ലൊക്കേഷനിൽ ചിത്രീകരിക്കുന്ന സീനിൽ ഉണ്ടാവുക. ഏകദേശം 120 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാവുക എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രത്തിന്റെ 80 ദിവസത്തെ ഷൂട്ടിങ് പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രം നിർമിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ്.ഏകദേശം അമ്പത് കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. 17ാം നൂറ്റാണ്ടിലെ കഥ പറയുന്ന മാമാങ്കത്തിനു ദൃശ്യവിസ്മയമൊരുക്കുന്നത് ബാഹുബലി ചിത്രത്തിനായി ഗ്രാഫിക്സ് ഒരുക്കിയ അതേ സംഘമാണ്. ഒറ്റപ്പാലം, കണ്ണൂർ, എറണാകുളം, വാഗമൺ എന്നിവടങ്ങളിലായി പൂർത്തിയായ മാമാങ്കത്തിന്റെ ചിത്രീകരണത്തിന്റെ നാലു ഷെഡ്യൂളുകളാണ് ഇതുവരെ പൂർത്തിയായത്.
മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദൻ, ആണ് സിതാര, നീരജ് മാധവ്, കനിഹ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. മലയാളത്തിനൊപ്പം ഇതര ഭാഷകളിലെയും സൂപ്പർ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി വിമർശങ്ങൾ വന്നിരുന്നു. തിരക്കഥാകൃത്ത് സജീവ് പിള്ളയാണ് ഇത് സംബന്ധിച്ച് വിമർശനങ്ങൾ ഉയർത്തിയത്.
Read also: മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ബോധവത്കരണവുമായി തളത്തിൽ ദിനേശനും ഭാര്യയും…
വടക്കൻ വീരഗാഥയിലെ ചന്തുവിനേയും പഴശ്ശിരാജയെയും അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു ചരിത്ര പുരുഷനായി സ്ക്രീനിലെത്തുമ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.