‘ജന്മം കൊണ്ട് അമ്മയായവർക്ക് മാത്രമല്ല, സ്നേഹം കൊണ്ട് അമ്മയായവർക്കും മാതൃ ദിനാശംസകൾ”,
ഇന്ന് ലോക മാതൃദിനത്തിൽ അമ്മയ്ക്കൊരു ഉമ്മ കൊടുത്തുകൊണ്ടാവാം ഈ ദിനം ആഘോഷിക്കാൻ. അമ്മയുടെ ഓർമ്മകൾ പോലും മനസിൽ സന്തോഷത്തിന്റെ നാമ്പുകളാണ് ഒരുക്കുന്നത്..അമ്മയേക്കാൾ വലിയ സ്നേഹമില്ല. വേദനയിൽ നിന്നും ജനിച്ചതാണ് അമ്മയുടെ സ്നേഹം. ലോകത്തിൽ മനുഷ്യൻ അനുഭവിക്കുന്നതിൽ ഏറ്റവും വലിയ വേദന എന്തെന്നതിനു ഒറ്റ ഉത്തരമേ ഉള്ളൂ, അത് അമ്മയാവുന്ന വേദനയാണ്. എന്നാൽ ഒരു കരച്ചിൽ കൊണ്ട് ഏറ്റവും വേഗത്തിൽ അവസാനിക്കുന്ന വേദനയും അതു തന്നെ. കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്ന ക്ഷണം തന്നെ താൻ അനുഭവിച്ച വേദന അമ്മ മറക്കുന്നു. ഇന്ന് ലോകം മുഴുവൻ മാതൃ ദിനം കൊണ്ടാടുന്നു. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃ ദിനമായി ആചരിക്കുന്നത്.
1905 -ൽ അമേരിക്കയിലാണ് മാതൃ ദിനം ആഘോഷിച്ചു തുടങ്ങിയത്. അമ്മയെ ഓർമ്മിക്കാൻ, സ്നേഹിക്കാൻ ഒരു ദിവസം? കേൾക്കുമ്പോൾ തന്നെ ഇത് മണ്ടത്തരം അല്ലെ എന്നു ആലോചിക്കുന്നവർ ഉണ്ടാവും. അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടാവരുത് എന്നതാണ് അഭികാമ്യം. എന്നാൽ ഇന്ന് അമ്മയുടെ കൂടെ കുറച്ചു നേരം ചെലവഴിക്കാൻ ശ്രമിക്കാം. നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കി തരുന്ന അമ്മയുടെ ഇഷ്ട്ട വിഭവം എന്താണ്? എന്നാണ് അമ്മയെ അവസാനമായി കെട്ടിപിടിച്ചു ഉമ്മ കൊടുത്തത്..? ചെറുപ്പത്തിൽ അമ്മയുടെ സ്നേഹ ചുംബങ്ങൾക്കായി നമ്മൾ കാത്തു നിന്നത് ചെറു മന്ദഹസത്തോടെ ഓർത്തെടുക്കാം..
അമ്മയുടെ ഇഷ്ടങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ഈ മാതൃദിനം അമ്മയ്ക്കൊപ്പം ചിലവിടാം.
Read also: പ്രണയാർദ്രമായി ‘ഓർമ്മയിൽ ഒരു ശിശിര’ത്തിലെ ഗാനം; വീഡിയോ കാണാം..
നമ്മുടെ എല്ലാ ഇഷ്ടങ്ങളും അറിയാവുന്ന അമ്മയ്ക്കു വേണ്ടി ഇന്നത്തെ ദിവസം മാറ്റിവെക്കാം. ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി അമ്മയെ സന്തോഷിപ്പിക്കാം.
എന്ത് പ്രശ്നങ്ങൾ സംഭവിച്ചാലും അമ്മയുടെ മുഖം ഓർത്താൽ തീരാവുന്നതേയുള്ളു എന്നതും നാം മറക്കരുത്. “ജന്മം കൊണ്ട് അമ്മയായവർക്ക് മാത്രമല്ല, സ്നേഹം കൊണ്ട് അമ്മയാവർക്കും മാതൃ ദിനാശംസകൾ”.