ആവേശ പോരാട്ടത്തിനൊടുവില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്
2019- ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശനിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ നാലാം തവണയാണ് കിരീടം നേടുന്നത്.
ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു ടോസ്. ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. തലനാരിഴയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്‍ കിരീടം നഷ്ടമായി. അതേസമയം ഐപിഎല്‍ ഈ സിസണില്‍ ചെന്നൈയ്ക്കെതിരെ നടന്ന ഒരു മത്സരത്തില്‍ പോലും പരാജയം സമ്മാതിക്കാതെയാണ് ഫൈനല്‍ പോരാട്ടത്തിലും മുംബൈ വിജയ കിരീടമണിഞ്ഞത്.ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് സാധിച്ചു. മുംബൈയ്ക്കായി ബുംറ രണ്ട് വിക്കറ്റ് നേടി. രാഹുല്‍ ചഹാര്‍, മലിംഗ, ക്രുണാല്‍ പാണ്ഡ്യ എന്നിവരും വിക്കറ്റ് എടുത്തു. പൊള്ളാര്‍ഡാണ് മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. മൂന്ന് സിക്സും മൂന്ന് ബൗണ്ടറിയും അടക്കം 25 പന്തില്‍ നിന്നുമായി 41 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ ഡികോക്കും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് മുംബൈയ്ക്ക് സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മികച്ച രീതിയില്‍ തന്നെയാണ് ബാറ്റിങ് ആരംഭിച്ചത്. ഓപ്പണര്‍മാരായ ഡു പ്ലെസിന് 13 പന്തില്‍ നിന്നും 26 റണ്‍സും ഷെയ്ന് വാട്സണ് 59 പന്തില്‍ നിന്നും 80 റണ്‍സും നേടി. എന്നാല്‍ തുടക്കത്തിലെ മികവ് അവസാനവരെ നിലനിര്‍ത്താന്‍ ചെന്നൈ ശ്രമിച്ചെങ്കിലും ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. അവസാന ഓവര്‍ വരെ ഷെയ്ന് വാട്സണ് ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് ധോണി രണ്ട് റണ്‍സ് അടിച്ചെടുത്തപ്പോഴേയ്ക്കും കളം വിട്ടു. ചെന്നൈയ്ക്കായി ദീപക് ചഹാര്‍ മൂന്ന് വിക്കറ്റ് നേടി. ശ്രദുല്‍ താക്കൂറും ഇമ്രാന് താഹിറും രണ്ട് വിക്കറ്റ് വീതം നേടി.