കട്ടത്താടിയും കളര്‍ഫുള്‍ ലുക്കുമായി പൃഥ്വിരാജ്; ‘ബ്രദേഴ്സ്ഡേ’യുടെ ഫസ്റ്റ് ലുക്ക്
അഭിനയരംഗത്തുനിന്നും ചലച്ചിത്ര സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരങ്ങളുടെ എണ്ണം ചെറുതല്ല. ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലഭവന്‍ ഷാജോണ്‍ ചലച്ചിത്ര സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. ‘ബ്രദേഴ്സ് ഡേ’ എന്നാണ് ഷാജോണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ആണ് ‘ബ്രദേഴ്സ് ഡേ’യില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖത്ത് കട്ടത്താടിയും കൂളിംഗ് ഗ്ലാസും ഒക്കെയായി ആകെ മൊത്തത്തില്‍ കളര്‍ഫുള്‍ ലുക്കിലാണ് താരം. പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.
അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്ട്ടിന്, മിയ, ഹൈമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.അതേസമയം ബ്രദേഴ്സ് ഡേയുടെ സംവിധാന രംഗത്തേക്ക് ചുവടുവെച്ചതിനെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍ തന്നെ നേരത്തെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ‘പൃഥ്വിയെ തിരക്കഥ കാണിച്ചു, തിരക്കഥ ഇഷ്ടപെട്ട പൃഥ്വി ഇത് ചേട്ടന് തന്നെ സംവിധാനം ചെയ്യാനും പറഞ്ഞു. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാളുടെയും ആഗ്രഹം പോലെ സിനിമ ചെയ്യണമെന്നത് എന്റെയും ആഗ്രഹമായിരുന്നു. എന്നാല്‍ സംവിധാനം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു കഥ നന്നായി എഴുതാന്‍ കഴിയുന്ന ആള്‍ക്ക് അത് മനോഹരമായി സംവിധാനം ചെയ്യാന്‍ കഴിയുമെന്നും ചേട്ടന് തന്നെ ചെയ്താല്‍ മതിയെന്നും പൃഥ്വി പറയുന്നത്.’ ഷാജോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ വാക്കുകള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടും നിരവധി പേര് രംഗത്തെത്തിയിരുന്നു.
Read more:20 ലക്ഷത്തിലധികം കാഴ്ചക്കാര്‍; ‘കലങ്ക്’ ലെ ഗാനം ശ്രദ്ധേയമാകുന്നു
‘ചേട്ടന് സംവിധാനം ചെയ്താല്‍ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കാന്‍ തയാറാണ് എന്നു കൂടി പൃഥ്വി പറഞ്ഞതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പൃഥ്വിയെപ്പോലുള്ള ഒരാളുടെ ഡേറ്റ് കിട്ടാന്‍ നിരവധി ആളുകള്‍ കാത്തുനില്ക്കുമ്പോള് എന്നെപ്പോലുള്ള ഒരാളുടെ സിനിമയുടെ ഭാഗമാകാന്‍ പൃഥിരാജ് തയാറായി. ഒരു സംവിധായകന്റെ കുപ്പായം അണിയുവാനുള്ള ആത്മവിശ്വാസം നേടിത്തന്നത് പൃഥ്വിരാജാണ്’ എന്നും കലാഭവന്‍ ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.