ഭൂതകാലം വേട്ടയാടുന്ന ശ്രീലങ്ക അഥവാ പല്ലു കൊഴിഞ്ഞ സിംഹളർ
ശ്രീലങ്കയ്ക്ക് ഒരു ഭൂതകാലമുണ്ടയിരുന്നു. ഏറെ പിന്നിലേക്കൊന്നും പോവണ്ട, ഒരു മൂന്ന് കൊല്ലം മുൻപു വരെ ശ്രീലങ്ക ശക്തമായ ടീമായിരുന്നു. അരവിന്ദ ഡിസിൽവ, അർജുന രണതുംഗെ, സനത് ജയസൂര്യ, രമേഷ് കലുവിതരണ, ചമിന്ദ വാസ്, മുത്തയ്യ മുരളീധരൻ, ലസിത് മലിംഗ, കുമാർ സങ്കക്കാര, മഹേല ജയവർധനെ എന്നിങ്ങനെ പല പേരുകൾ കൊണ്ടും ശ്രീലങ്കൻ ക്രിക്കറ്റ് സമ്പന്നമായിരുന്നു. എല്ലാം നഷ്ടമായത് കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിലാണ്.
സനത് ജയസൂര്യ രമേഷ് കലുവിതരണയുമായി ചേർന്ന് സൃഷ്ടിച്ച എകദിന മത്സരത്തിലെ വിപ്ലവത്തിൻ്റെ ഫലമായിരുന്നു 1996ലെ ലോകകപ്പ് കിരീട നേട്ടം. പവർ പ്ലേ ഓവറുകളിലെ സമീപനം പൊളിച്ചെഴുതിയ ഈ ഓപ്പണർമാർ വൺ ഡേ ക്രിക്കറ്റിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചു. സുരക്ഷാ പ്രശ്നങ്ങൾ മൂലം വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും പിൻമാറിയ ലോകകപ്പായിരുന്നു അത്. ഗ്രൂപ്പ് മത്സരത്തിൽ ഇരുവർക്കുമെതിരെ വാക്കോവറിൽ ജയിച്ചു കയറിയ ശ്രീലങ്ക സിംബാബ്വെയെയും ഇന്ത്യയെയും കെനിയയെയും തോൽപിച്ച് ക്വാർട്ടറിൽ. അവിടെ ഇംഗ്ലണ്ടിനെ തോൽപിച്ച് സെമിയിലെത്തിയ ശ്രീലങ്കയ്ക്ക് എതിരാളികൾ ഇന്ത്യ ആയിരുന്നു. ഈഡൻ ഗാർഡൻസിൽ നടന്ന ആ മത്സരം ഇന്ത്യൻ കാണികളുടെ അതിക്രമം മൂലം ഉപേക്ഷിച്ചതോടെ ശ്രീലങ്ക ഫൈനലിൽ. അവിടെ സാക്ഷാൽ ഓസ്ട്രേലിയയെ തോൽപിച്ച് കിരീടധാരണം.
2011ൽ അതേ ശ്രീലങ്ക ഇന്ത്യയോട് തോറ്റത് കാവ്യനീതിയായി. ഇന്ത്യ സെമിയിൽ കീഴടങ്ങിയെങ്കിൽ ശ്രീലങ്കയ്ക്ക് കാലിടറിയത് കലാശപ്പോരിലായിരുന്നു. 2014 ടി-20 ലോകകപ്പ് സ്വന്തമാക്കിയ ശ്രീലങ്ക അപ്പോഴും ശക്തരായ ടീമായി തുടർന്നു. 2015 ലോകകപ്പിൽ ക്വാർട്ടർ വരെയെത്തിയ മരതകദ്വീപുകാർ ദക്ഷിണാഫ്രിക്കയോട് തോറ്റു മടങ്ങിയതോടെയാണ് അവരുടെ തകർച്ച തുടങ്ങിയത്. ആ ലോകകപ്പോടെ മഹേല ജയവർധനെ, കുമാർ സങ്കക്കാര എന്നീ രണ്ട് ഇതിഹാസങ്ങൾ പടിയിറങ്ങി. പിന്നീടിങ്ങോട്ട് തൊട്ടതെല്ലാം പിഴച്ച ഒരു കൂട്ടമാണ് ശ്രീലങ്ക. 2015 ലോകകപ്പിനു ശേഷം ഒരൊറ്റ ഏകദിന മത്സരം പോലും കളിക്കാത്ത ദിമുത് കരുണരത്നെയാണ് ശ്രീലങ്കൻ ക്യാപ്റ്റൻ എന്നതിൽ തുടങ്ങുന്നു അവരുടെ തകർച്ചയുടെ ആഴം. ലസിത് മലിംഗ, തിസാര പെരേര, കുശാൽ പെരേര, ആഞ്ചലോ മാത്യൂസ് എന്നിങ്ങനെ ചില പരിചിത മുഖങ്ങളുണ്ടെങ്കിലും ശ്രീലങ്ക ദുർബലർ തന്നെയാണ്.
നിരോഷൻ ഡിക്ക്വെലയും, ദിനേഷ് ചണ്ഡിമലും, ഉപുൽ തരംഗയും ടീമിൽ സ്ഥാനം കണ്ടെത്തിയിട്ടില്ല എന്നത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രതിഭാധാരാളിത്തമല്ല, അവരുടെ ഗതികേടാണ് കുറിയ്ക്കുന്നത്. ലോകകപ്പിൽ ശ്രീലങ്കയുടെ ജാതകം തിരുത്താൻ ജീവൻ മെൻഡിസും മിലിന്ദ സിരിവർധനയെയും അടങ്ങുന്ന യുവരക്തം വളരെ കഷ്ടപ്പെടേണ്ടി വരും. സീനിയർ കളിക്കാരുടെ പടിയിറങ്ങലിനു ശേഷം മികച്ച യുവതാരങ്ങളൊന്നും വളർന്ന് വരുന്നില്ലെന്നതു തന്നെ മരതകദ്വീപിന് ആശങ്കയാണ്. കുശാൽ പെരേര എന്ന ക്ലീൻ ഹിറ്റർ അസ്ഥിരമായി ബാറ്റ് ചെയ്യുന്നു എന്നത് ഇതിനോട് ചേർത്തു വായിക്കണം.
ബൗളിങ്ങിൽ മലിംഗ ഉൾപടെ എല്ലാവരും ഫോം ഔട്ട് ആണ്. പഴയ മലിംഗയുടെ നിഴൽ മാത്രമാണ് ഇപ്പോൾ. ഐപിഎൽ ഫൈനലിലെ അവസാന ഓവറിൽ പഴയ മലിംഗയുടെ മിന്നലാട്ടങ്ങൾ കണ്ടെങ്കിലും പ്രായവും പരിക്കുകളും മലിംഗയെ പല്ലു കൊഴിഞ്ഞ സിംഹമാക്കിയിരിക്കുന്നു. സുരംഗ ലക്മ, നുവാൻ പ്രദീപ് എന്നിവർ മലിംഗയോടൊപ്പം ചേരുമ്പോൾ ഒരു അമച്വർ ബൗളിംഗ് അറ്റാക്ക് എന്ന് പറയാനേ കഴിയൂ.
2017 ജനുവരി മുതൽ 2018 സെപ്തംബർ വരെ ലങ്ക കളിച്ചത് 40 കളികളിലാണ്. എന്നാൽ വെറും 10 എണ്ണത്തിൽ മാത്രമേ അവർക്ക് വിജയിക്കാൻ സാധിച്ചുള്ളൂ. 2016 മുതലുള്ള കണക്കെടുത്താൽ വെറും ഒരു സീരീസ് വിജയം മാത്രമാണ് ശ്രീലങ്കയ്ക്കുള്ളത്. അതും അയർലണ്ടിനോട്. സിംബാവെയുമായി പോലും ലങ്ക തോറ്റു. ക്രിക്കറ്റ് ബോർഡിലെ അഴിമതിയും സാമ്പത്തിക തിരിമറികളും ചേർന്ന് മരതകദ്വീപിലെ ഇന്ദ്രജാലക്കാരെ തോൽപിക്കുകയാണ്.