മലയാളികൾക്ക് ഏറ്റുപാടാൻ മനോഹരഗാനവുമായി ‘മൊഹബ്ബത്തിൽ കുഞ്ഞബ്ദുള്ള’; വീഡിയോ
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ശ്രദ്ധേയനായ നടനാണ് ബാലു വര്‍ഗീസ്. ‘ഹണി ബീ’, ‘കിംഗ് ലയര്‍’ എന്നീ ചിത്രങ്ങളിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതനായത്. ബാലു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’. ഹാസ്യ കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ബാലു വര്‍ഗീസ് ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ മനോഹരമായൊരു ഗാനം.
‘ഒത്തിരി നാളായ്.. ഒത്തിരി നാളായി’ എന്നു തുടങ്ങുന്ന ഗാനം ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. മനോഹരമായ താളവും ദൃശ്യഭംഗിയുമെല്ലാം ഈ ഗാനത്തില്‍ ഇടം നേടിയിരിക്കുന്നു. വിദ്യാധരൻ മാഷും ഷാഹിദ് സമാദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.സുന്ദരമായ ആലാപനവും പാട്ടിനെ മികച്ചതാക്കുന്നു. ഷാനു സമദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
തിരുവന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് ബോംബെയില്‍ ജോലി തേടി എത്തിയ അബ്ദുള്ള അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. ഈ സ്ത്രീയെ തേടി തിരുവനന്തപുരം മുതല്‍ വയനാട് വരെ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. അറുപത്തിയഞ്ചാം വയസിലാണ് നായകന് തന്റെ പ്രണയിനിയെ തേടി അലയുന്നത്. അബ്ദുള്ളയുടെ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍, സംഭവങ്ങള്‍, സ്ഥലങ്ങള്‍ എല്ലാം മുഹബ്ബത്തിന് കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍പ്പുണ്ട്. നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Read more:ആസ്വാദകന്റെ മിഴിയും മനവും കവര്‍ന്ന് ‘കുട്ടിമാമ’യിലെ പ്രണയ ഗാനം; വീഡിയോ
പ്രേക്ഷകര്‍ക്ക് പരിചിതമായ പ്രണയ കഥകളില്‍ നിന്നും ഒരല്പം വിത്യസ്തതയോടെയാണ് മുഹബ്ബത്തിന് കുഞ്ഞബ്ദുള്ള പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, പ്രേം കുമാര്‍, മാമുക്കോയ, രചന നാരയണന്‍കുട്ടി, മീരാ വാസുദേവ്, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അതേസമയം ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ നിര്‍മ്മാണം.