ജയറാം സംവിധായകനാകുന്നു..
മായാളികൾക്ക് ഏറെ ജനപ്രിയാണ് നടൻ ജയറാം. ജയറാമിന്റെ കുടുംബചിത്രങ്ങൾ എന്നും മലയാളികൾക്ക് ആവേശമാണ്. അച്ഛനായും മകനായും മുത്തച്ഛനായും നായകനായും വില്ലനായും പൊലീസായും വക്കീലായുമൊക്കെ വെള്ളിത്തിരയിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ സംവിധാനത്തിലും ചുവട് വയ്ക്കാനൊരുങ്ങുന്ന താരത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ സംവിധാനത്തിലേക്ക് തിരിയുമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. നടന്മാരായ പൃഥ്വിരാജും, ഷാജോണും മോഹൻലാലുമൊക്കെ സംവിധാനത്തിലേക്ക് തിരിയുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് സംവിധാന മോഹവുമായി ജയറാമും എത്തിയത്.
സംവിധാനം എന്നത് ഏറെക്കാലമായി ഉള്ള ആഗ്രഹമാണെന്നും, എന്നാൽ ഇത് എപ്പോൾ സംഭവിക്കുമെന്ന് അറിയില്ലായെന്നും താരം അറിയിച്ചു. ഏതായാലും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾക്ക് ശേഷമായിരിക്കും സംവിധാനം. അത് ഒരിക്കലും ഒരു കൊമേർഷ്യൽ സിനിമയായിരിക്കില്ല. മനസ്സിൽ ഒരു ചിത്രത്തെക്കുറിച്ചുള്ള പ്ലാൻ ഉണ്ട്. അത് ഒരുപക്ഷെ തിയേറ്ററിൽ ഒരുപാട് ഓടുന്ന ചിത്രമായിരിക്കില്ല. പകരം പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന ചിത്രമായിരിക്കുമെന്നും താരം വെളിപ്പെടുത്തി.
Read also: മറവി രോഗമുണ്ടോ..? തിരിച്ചറിയാം പരിഹരിക്കാം..
അതേസമയം മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അനീഷ് അൻവർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രാൻഡ് ഫാദറായാണ് താരം എത്തുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. പട്ടാഭിരാമൻ, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.