ഗവേഷക വിദ്യാർത്ഥിയാകാൻ ഒരുങ്ങി പാർവതി
‘കുറഞ്ഞ വേഷങ്ങൾ മികച്ച ചിത്രങ്ങൾ; വർഷത്തിൽ ഒന്നോ രണ്ടോ മാത്രം ചിത്രത്തിൽ അഭിനയിക്കാറുള്ള പാർവതി പക്ഷെ തിരഞ്ഞെടുക്കുന്നതൊക്കെ മികച്ചതിൽ മികച്ച ചിത്രങ്ങൾ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ പാർവതിയുടെ പുതിയ ചിത്രത്തിനായി ആരാധകർക്ക് ആകാംഷയും അധികമാണ്. ഇപ്പോഴിതാ ഗവേഷക വിദ്യർത്ഥിയായി പാർവതി വേഷമിടുന്ന പുതിയ ചിത്രമാണ് സിനിമ പ്രേമികളുടെ ഇടയിലെ ചർച്ചാവിഷയം.
നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ വർത്തമാനത്തിന്റെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ നിന്നും ഡൽഹി സർവകലാശാലയിലേക്ക് പഠനത്തിന് പോകുന്ന പെൺകുട്ടിയായാണ് പാർവതി വേഷമിടുന്നത്. ഫൈസ സൂഫിയ എന്നാവും ചിത്രത്തിൽ പാർവതി വേഷമിടുന്ന കഥാപാത്രത്തിന്റെ പേര്. സർവകലാശാലയിൽ ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ പ്രവേശനം നേടിയ വിദ്യാർഥികൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെകുറിച്ചും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചുമാണ് കഥയുടെ പ്രമേയം.
ചിത്രത്തിൽ നായകനായി വേഷമിടുന്നത് റോഷൻ മാത്യു ആണ്. അലൻ എന്നാണ് റോഷൻ അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ പേര്. രാജ്യം ഇന്ന് നേരിടുന്ന കാലിക പ്രസക്തമായ വിഷയങ്ങളിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. ആര്യാടൻ ഷൗക്കത് തിരക്കഥയും നിർമ്മാണവും നിർവ്വഹിക്കുന്നു.
അതേസമയം പാർവതിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് ഉയരെ. മികച്ച പ്രേക്ഷക പ്രതികരണം നേരിടുന്ന ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. പാര്‍വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.