ആപ്പിളിനോളം വലിപ്പം; ദേ ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്: വീഡിയോ

May 30, 2019

തലവാചകം കേട്ട് നെറ്റി ചുളിക്കേണ്ട. ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞിന് ഒരു ആപ്പിളിനോളം മാത്രമേ വലിപ്പമുള്ളു. 245 ഗ്രാമാണ് കുഞ്ഞിന്റെ ജനനസമയത്തെ തൂക്കം. സാന്‍ ഡിയാഗോയിലെ ഷാര്‍പ് മേരി ബിര്‍ച്ച് ആശുപത്രിയിലായിരുന്നു ഈ കുഞ്ഞിന്റെ ജനനം. 2018 ഡിസംബര്‍ 23 ന്.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ 23 ആഴ്ചയും മൂന്ന് ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അടിയന്തിര ശസ്ത്രക്രിയ. സേബി എന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.എന്നാല്‍ കുഞ്ഞിനെ പുറത്തെടുത്ത ഡോക്ടര്‍മാര്‍ ഒന്നുകൂടി പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ ഈ കുഞ്ഞ് മരിച്ചുപോകുമെന്ന്. എന്നാല്‍ വൈദ്യ ശാസ്ത്രത്തെപ്പോലും അതിശയപ്പെടുത്തി ഈ പെണ്‍കുഞ്ഞ്. മണിക്കൂറുകള്‍ പിന്നിട്ടു, ദിവസങ്ങള്‍ പിന്നിട്ടു, ആഴ്ചകള്‍ പിന്നിട്ടു, ഇപ്പോഴിതാ അഞ്ച് മാസങ്ങളും പിന്നിട്ടിരിക്കുന്നു. ആശുപത്രിയില്‍ അഞ്ച് മാസം കഴിഞ്ഞതിന് ശേഷം ഈ മാസം ആദ്യമാണ് കുഞ്ഞിനെ വീട്ടിലേക്ക് അയച്ചത്. ഇപ്പോള്‍ 2.2 കിലോ ഗ്രാമാണ് കുഞ്ഞിന്റെ ഭാരം. ജീവന്‍ തരികെ പിടിക്കാന്‍ സേബി വലിയ പോരാട്ടം തന്നെയാണ് നടത്തിയത്.

Read more:ഇത് ഓട്ടിസത്തെ തോല്‍പിച്ച് മോഡലായ ചെറുപ്പക്കാരന്റെ വിജയകഥ

ജനിച്ചപ്പോള്‍ ഉള്ളം കൈയില്‍ കൊള്ളാവുന്ന അത്രയും മാത്രമേ സേബിക്ക് വലിപ്പമുണ്ടായിരുന്നുള്ളു. ജീവന്‍ തിരിച്ചുകിട്ടിയ ലോകത്തിലെ ഏറ്റവും ചെറിയ കുട്ടികളില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ സേബിയ്ക്ക് സ്ഥാനം. 2015 -ല്‍ ജര്‍മ്മനിയില്‍ ജനിച്ച കുഞ്ഞായിരുന്നു നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. സേബിയേക്കാള്‍ 7 ഗ്രാം കൂടുതലായിരുന്നു ആ കുഞ്ഞിന്റെ തൂക്കം. സേബിയെക്കുറിച്ചുള്ള വീഡിയോ തയാറാക്കിയതും ആശുപത്രി അധികൃതര്‍ തന്നെയാണ്.