തൊഴിലാളി ദിനത്തിൽ അപ്പന് ആശംസകളുമായി ആന്റണി വർഗീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ താരമാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പെപ്പെ ആയി മാറിയ ആന്റണി വർഗീസിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദേശീയ തൊഴിലാളി ദിനത്തിൽ ഓട്ടോ തൊഴിലാളിയായ അച്ഛന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തിയത്.
തന്റെ അപ്പൻ ഓട്ടോ ഡ്രൈവർ ആണെന്നും ഓട്ടം കഴിഞ്ഞു ഉച്ചക്ക് വീട്ടിൽ ചോറു ഉണ്ണാൻ വന്നപ്പോൾ നിർബന്ധിച്ചു പിടിച്ചു നിർത്തി എടുത്ത ഫോട്ടോ ആണെന്നും പറഞ്ഞുകൊണ്ടാണ് അച്ഛന്റെ ചിത്രം ആന്റണി വർഗീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കാവൽ മാലാഖ എന്നാണ് ആന്റണി വർഗീസിന്റെ അച്ഛൻ ഓടിക്കുന്ന ഓട്ടോയുടെ പേര്. “തൊഴിലാളി ദിനാശംസകൾ…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ….” ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ തികച്ചും സാധാരണക്കാരായി ജീവിക്കുന്ന ആന്റണിക്കും കുടുബത്തിനും അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് എത്തിയത്.
Read also: ചിരിനിറച്ച് ചിൽഡ്രൻസ് പാർക്ക്; ട്രെയ്ലർ കാണാം..
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ആന്റണി വർഗീസ് നായകനായി എത്തിയ ചിത്രമാണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’. കോട്ടയം കാരനായ ജേക്കബ് എന്ന യുവാവായാണ് ചിത്രത്തിൽ ആന്റണി വർഗീസ് വേഷമിട്ടിരിക്കുന്നത്. സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതത്തിൽ അവിചാരിതമായി വന്നുചേരുന്ന പ്രശ്നങ്ങളും അതിനെ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചത്രത്തിന്റെ പ്രമേയം. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ ‘ജെല്ലിക്കെട്ട്’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ആന്റണി വർഗീസ്.