”അച്ഛന് അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണം, ഞാനും നോമ്പെടുക്കാറുണ്ട്”: അനു സിത്താര
മലയാള ചലച്ചിത്ര ലോകത്ത് തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ട് ശ്രദ്ധേയയാണ്. വിഷുവിന് പിന്നാലെ ഈദിനുള്ള ഒരുക്കത്തിലാണ് താരത്തിന്റെ വീട്. ഓണവും റംസാനും വിഷുവുമെല്ലാം തങ്ങളുടെ കുടുംബം ആഘോഷിക്കാറുണ്ടെന്ന് അനു സിത്താര പറഞ്ഞു. വനിത മാഗസീന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അച്ഛന് അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണം ആയിരുന്നു. തന്റെ ജനനത്തിനു ശേഷമാണ് അമ്മ വീട്ടുകാരുടെ പരിഭവം മാറിയതെന്നും അനു സിത്താര പറഞ്ഞു. തന്നെ അമ്മ നിസ്കരിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും താനും നോമ്പെടുക്കാറുണ്ടെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു..
2013 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്’ , ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ഫുട്ബോള്‍ താരം വി പി സത്യനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു അനു സിത്താര പ്രത്യക്ഷപ്പെട്ടത്.
Read More:കേന്ദ്ര കഥാപാത്രമായി ബിജു മേനോന്; ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ ടീസര്‍
‘ഒരു കുപ്രസിദ്ധ പയ്യന്’ എന്ന ചിത്രത്തിലാണ് അവസാനമായി അനു സിത്താര വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. മധുപാലാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. അനു സിത്താരയ്ക്കൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘ഒരു കുപ്രസിദ്ധ പയ്യന്’.