‘എന്റെ കുഞ്ഞാ…’ നെഞ്ചുപൊട്ടിക്കരഞ്ഞ് പാര്‍ത്ഥന്റെ പാപ്പാന്‍; ആനപ്രേമികളുടെ ഉള്ളുലച്ച് ഒരു സ്‌നേഹവീഡിയോ
മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. ചില വേര്‍പാടുകള്‍ അത്രമേല്‍ ഹൃദയം തകര്‍ക്കാരുണ്ട് പലരുടെയും. മനുഷ്യന്റെ കാര്യത്തില്‍ മാത്രമല്ല പ്രിയപ്പെട്ട പലതിന്റെയും നഷ്ടപ്പെടല്‍ വല്ലാണ്ടങ്ങ് ഹൃദയം തകര്‍ക്കും. ഇനി ഇല്ല എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനും സമയമേറെ വേണ്ടിവന്നേക്കാം. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ് ഇടനെഞ്ചു പിളര്‍ന്നു പോകും വിധമുള്ള ഒരു നിലവിളി. തനിക്കേറെ പ്രീയപ്പെട്ട ചെര്‍പ്പളശ്ശേരി പാര്‍ത്ഥന്‍റെ വേര്‍പാടാണ് അവന്‍റെ പാപ്പാനെ തളര്‍ത്തിയത്.
.എന്‍റെ കുഞ്ഞാ. എന്ന് ഉറക്കെ വിളിച്ച്, ചരിഞ്ഞ ആനയുടെ മേല്‍ ചാരിക്കിടന്ന് ഈ പാപ്പാന്‍ ഏങ്ങി ഏങ്ങിക്കരയുന്നു. വല്ലാത്തൊരു ആത്മബന്ധം പ്രതിഫലിക്കുന്നുണ്ട് ഈ നിലവിളിയില്‍. കാഴ്ചക്കാരന്‍റെ പോലും കണ്ണു നിറയ്ക്കും ഈ കരച്ചില്‍. ഒരു കുഞ്ഞിനെ എന്ന പോലെ ആനയെ പരിപാലിക്കുന്ന പാപ്പാന്‍മാരുടെ സ്നേഹത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ വീഡിയോ. ആനപ്രേമികളുടെ ഉള്ളുലയ്ക്കുന്നുണ്ട് ഈ സ്നേഹവീഡിയോ.
ആനപ്രേമികളുടെ ഇഷ്ടനായകനാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍. ചെര്‍പ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് പാര്‍ത്ഥന്‍. കേരളത്തിലുടനാളമായി നിരവധി ആരാധകരും ഈ ആനയ്ക്കുണ്ട്. ഇളമുറത്തമ്പുരാന്‍ എന്നായിരുന്നു ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ അറിയപ്പെട്ടിരുന്നത്.
കേരളത്തിലെ എറെ പ്രശസ്തമായ ആനകളിലൊന്നാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍(44). തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റിയിരുന്നത് പാര്‍ത്ഥന്‍ ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന പാര്‍ത്ഥന്‍ കഴിഞ്ഞ ദിവസമാണ് ചരിഞ്ഞത്.






