മനോഹരം ഈ താരാട്ടുപാട്ട്; ‘ചില്‍ഡ്രന്‍സ് പാര്‍ക്കി’ലെ ഗാനം ശ്രദ്ധേയമാകുന്നു
എത്ര വളര്‍ന്നാലും താരാട്ടുപാട്ടുകളെ ഇഷ്ടപ്പെടുന്നവരാണ് പലരും. താരാട്ട് ഈണങ്ങളിലൊക്കെയും വല്ലാത്തൊരുതരം നൊസ്റ്റാള്‍ജിയ ഒളിഞ്ഞ് കിടപ്പുണ്ട്. അത്രമേല്‍ സുന്ദരമാണ് മനോഹരമായ താരാട്ട് പാട്ടുകള്‍. ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്ന ചിത്രത്തിലെ പുതിയ ഗാനം. സുന്ദരമായൊരു താരാട്ടുപാട്ടാണ് ഇത്. കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’.
ഷാഫിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് റാഫി ആണ്. പുതുമുഖങ്ങളായ നൂറില്‍ അധികം കുട്ടികള്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. അതേസമയം വിഷ്ണു ഉണ്ണിക്കൃഷ്ണന്, ഗായത്രി സുരേഷ്, ദ്രുവന്‍, ഷറഫുദീന്‍, മാനസ രാധാകൃഷ്ണന്, സൗമ്യ മേനോന്, ഹരീഷ് കണാരന്, ജോയ് മാത്യു, ശ്രീജിത്ത് രവി തുടങ്ങിയ താരങ്ങളും ചില്ഡ്ന്സ് പാര്‍ക്കില്‍ അണിനിരക്കുന്നുണ്ട്. ഹാസ്യവും ആകാംഷയും സസ്പെന്‍സുമെല്ലാം ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ പുറത്തിറങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ട്രെയ്ലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
ബി കെ ഹരിനാരയണന്റേതാണ് മനോഹരമായ ഈ താരാട്ടുപാട്ടിലെ വരികള്‍. കാര്‍ത്തിക്കും മൃദുല വാര്യരും ചേര്‍ന്നാണ് ആലാപനം. അരുണ്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്ക്കുന്നു. കൊച്ചി, മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.
Read more: ഇതാണ് ഒര്ഹാന് സൗബിന്; കുഞ്ഞുമകനെ പരിചയപ്പെടുത്തി സൗബിന് സാഹിര്‍
അതേസമയം ‘മായാവി’, ‘ടു കണ്ട്രീസ്’ തുടങ്ങിയ ഹിറ്റ് കോമഡി ചിത്രങ്ങള്‍ക്ക് ശേഷം ഷാഫി – റാഫി കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രം എന്ന പ്രത്യേകതയും ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിനുണ്ട്. ഷാഫിയുടെ പതിവ് ചിത്രങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഹാസ്യരസക്കൂട്ട് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിലും ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. പുതുമുഖ താരം ബിബിന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഒരു പഴയ ബോംബ് കഥ’യാണ് ഷാഫി സംവിധാനം നിര്‍വ്വഹിച്ച അവസാന ചിത്രം.