കൗതുകമായി ഫിഷ് ടാങ്കിനുള്ളിലെ ടോയ്‌ലറ്റ്

May 14, 2019

തലവാചകം വായിക്കുമ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം. ചിലര്‍ കൗതുകത്തോടെ നെറ്റിയൊന്ന് ചുളിക്കാനും ഇടയുണ്ട്. പക്ഷെ ഇത് വെറും കെട്ടുകഥയൊന്നും അല്ല. സംഗതി സത്യം തന്നെയാണ്. ജപ്പാനിലെ അകാന്‍ഷിയിലുള്ള ഹിപോപ്പോ പപ്പാ കഫെയിലാണ് ഇത്തരത്തില്‍ വിത്യസ്തമായൊരു ടോയ്‌ലറ്റ് ഒരുക്കിയിരിക്കുന്നത്. വലിയൊരു ഫിഷ് ടാങ്കിനുള്ളിലാണ് ഈ ടോയ്‌ലറ്റ്.

ഈ ടോയ്‌ലറ്റിന് ചുറ്റും അക്വേറിയം എന്നതാണ് കൗതുകം. ഈ അക്വേറിയത്തെ അത്ര നിസാരമായി കാണാനാവില്ല. വിലയേറിയ അലങ്കാര മത്സ്യങ്ങളും ഭീമന്‍ ആമയുമെല്ലാം ഉണ്ട് ഈ അക്വേറിയത്തിനുള്ളില്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ കഫേ ഉടമ തീരുമാനിച്ചത്.

Read more:രക്തം വാര്‍ന്നൊലിക്കുന്ന കാലുമായി ഐപിഎല്‍ പോരാട്ടം; വാട്‌സനെ പ്രശംസിച്ച് കായികലോകം

ഏകദേശം ഒന്നരക്കോടിയോളം രൂപ മുതല്‍മുടക്കിയാണ് ഇത്തരത്തില്‍ കൗതുകകരമായ ഈ ടോയ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി ഹിപോപ്പോ പപ്പാ കഫെ സേവനം ആരംഭിച്ചിട്ട്. ഉടമയുടെ പുതിയ ബിസിനസ് തന്ത്രം ഫലം കണ്ടു. നിരവധി ആളുകളാണ് ഇപ്പോള്‍ ഈ ടോയ്‌ലെറ്റ് കാണാന്‍ വേണ്ടി കഫെയിലെത്തുന്നത്. ഒപ്പം ഭക്ഷണം കൂടി കഴിക്കുന്നതോടെ കഫേ ഉടമ ഡബിള്‍ ഹാപ്പി. ലോകത്തിലെ ഏറ്റവും ഹൈ ടെക് ബാത്‌റൂം ഉപയോഗിക്കുന്ന തകാര്യത്തിലും മുമ്പില്‍ തന്നെയാണ് ജപ്പാന്‍കാര്‍.

സോഷ്യല്‍ മീഡിയ ജനപ്രീയമായിട്ട് കാലം കുറച്ചേറെയായി. നിരവധി കൗതുക വാര്‍ത്തകളും ചിത്രങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ഭാഗമാകാറുണ്ട്. കലാകാരന്‍മാര്‍ക്കും സോഷ്യല്‍മീഡിയ ഇക്കാലത്ത് അവസരങ്ങളുടെ വലിയ വാതായനങ്ങളാണ് തുറന്നു നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ കൂടെ തന്നെയാണ് ഹിപോപ്പോ പപ്പാ കഫെ കൂടുതല്‍ ജനപ്രീയമായതും. സാമൂഹ്യമാധ്യമങ്ങളിലൂടെ ഹിപോപ്പോ പപ്പാ കഫെയെക്കുറിച്ച് കണ്ടും കേട്ടുമറിഞ്ഞവര്‍ നേരിട്ട് കഫെയിലെത്താന്‍ തുടങ്ങി. ഇതോടെ കഫെയിലെ കച്ചവ്വടവും മികച്ച രീതിയിലായി.