സിനിമ സ്വപ്നം കാണുന്നവർക്ക് പ്രചോദനമായി ഒരു സംവിധായിക

May 3, 2019

സ്വന്തം സിനിമ സ്വപ്നം കാണുന്നവർക്ക് പ്രചോദനവും അഭിമാനവുമാകുകയാണ് നവാഗത സംവിധായക ഹസീന സുനീർ.. സിനിമയുടെ പ്രചാരണങ്ങൾക്ക് വേണ്ടി കോടികൾ ചിലവഴിക്കുന്ന സിനിമ പ്രവർത്തകർ മാതൃകയാക്കേണ്ട ഒരു സംവിധായകയാണ് ഈ നവാഗത സംവിധായിക. സ്വന്തം സിനിമകൾ സൂപ്പർ ഹിറ്റായില്ലെങ്കിലും പ്രേക്ഷക ഹൃദയത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു പുതുമുഖ സംവിധായകരെയും പോലെ തന്നെയാണ് ഈ സംവിധായികയും. എന്നാൽ ചിത്രം റിലീസ് ആവുന്നതിന് മുമ്പ് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് ഈ യുവ സംവിധായിക. സ്വന്തം സിനിമയുടെ പോസ്റ്റർ മതിലിൽ പതിപ്പിക്കുന്ന ഹസീനയുടെ ചിത്രം നടൻ അജു വർഗീസാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന നവാഗത സംവിധായക ഹസീന സിനീരിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിനേശ് പ്രഭാകരനും ഭാവുകങ്ങൾ നേർന്നുകൊണ്ടാണ് അജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

“സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന നവാഗത യുവ സംവിധായിക ഹസീന സുനീർ. 
പ്രകാശന്റെ മെട്രോയുടെ നായകൻ പ്രിയപ്പെട്ട ദിനേശ് ഏട്ടനും മുഴുവൻ ക്രൂവിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു…”

പ്രകാശന്റെ  മെട്രോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിനേഷ് പ്രഭാകറാണ്. ഓട്ടോ ഡ്രൈവറായാണ് ചിത്രത്തില്‍ ദിനേഷ് എത്തുന്നത്. അനഘ ജാനകിയാണ് പ്രകാശന്റെ മെട്രോയിലെ നായിക. കായംകുളം സ്വദേശിയായ ഹസീന സെന്‍സ് എന്ന ഹ്രസ്വചിത്രവും നേരത്തെ  സംവിധാനം ചെയ്തിട്ടുണ്ട്. മെയ് മൂന്നിനാണ് പ്രകാശന്‍റെ മെട്രോ റിലീസ് ചെയ്യുന്നത്.

Read also:‘അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി’ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അതേസമയം അജു പങ്കുവെച്ച ഹസീനയുടെ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ കമന്റ് ചെയ്തിരിക്കുന്നത്.