കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും; ആദ്യ ചിത്രമായി ‘ഉയരെ’
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചലച്ചിത്രമേളയിൽ ആദ്യ ചിത്രമായി ഉയരെ പ്രദർശിപ്പിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയിൽ തിരഞ്ഞെടുക്കപ്പെട്ട 150 -ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക.
അവധിക്കാലമായതിനാൽ നിരവധി കുട്ടികളാണ് ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. കുട്ടികൾ കണ്ടിരിക്കേണ്ട ലോകോത്തര സിനിമകൾക്കൊപ്പം കുട്ടികൾ നിർമ്മിച്ച ചിത്രങ്ങളും പ്രദർശനത്തിനെത്തും. അവയിൽ നിന്നും മികച്ച സംവിധായകൻ, മികച്ച നടൻ നടി എന്നിവരെയും തിരഞ്ഞെടുക്കും. മികച്ച സൃഷ്ടികൾ കണ്ടെത്തി ഇത്തവണ മുതൽ കുട്ടികളുടെ ചിത്രങ്ങൾക്കും സംസ്ഥാന ചലച്ചിത്ര അവാർഡും ഏർപ്പെടുത്തും.
സിനിമ കാണുന്നതിനൊപ്പം സിനിമ ചിത്രീകരിക്കുന്നതിനുള്ള സൗകര്യവും രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. ചലച്ചിത്രമേളയുടെ ആരംഭമായി മനു അശോകൻ സംവിധാനം നിർവഹിച്ച ഉയരെ ഇന്ന് പ്രദർശനത്തിനെത്തും. ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ.
പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
തകർച്ചകളിൽ പതറാതെ മനക്കരുതുകൊണ്ട് നേരിടാനും, പ്രതിസന്ധികളെ അതിജീവിക്കാനും, സ്വപ്നങ്ങളെ കീഴടക്കാനും പഠിപ്പിക്കുന്ന ചിത്രമാണ് ഉയരെ.