മുംബൈയെ നേരിടുന്നതാര്..? ഡൽഹിയോ.? ചെന്നൈയോ..?..അക്ഷമരായി ആരാധകർ
പന്ത്രണ്ടാം ഐ പി എൽ കലാശപോരാട്ടത്തിനു യോഗ്യത നേടുവാൻ ചെന്നൈയും ഡൽഹിയും ഇന്ന് ഏറ്റുമുട്ടും. വൈകീട്ട് 7.30 ന് വിശാഖപട്ടണത്തു വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക്, ഫൈനലിൽ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ച മുബൈ ഇന്ത്യൻസാണ് എതിരാളികൾ.
‘തല’ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് വയസ്സൻപട എന്ന അപരനാമത്തിലും ഈ സീസണിൽ അറിയപ്പെട്ടിരുന്നു. എന്നാൽ വിമർശകരുടെ വായ അടപ്പിച്ച പ്രകടനവുമായി ആദ്യം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത് ഇതേ ചെന്നൈ തന്നെ. സീസണിലെ അവസാന മത്സരങ്ങളിലെ തോൽവികൾ ധോണിക്ക് തിരിച്ചടിയായി. മുൻനിര ബാറ്റസ്മാൻമാർ ആരും തന്നെ ഫോമിലേക്കുയരാത്തതു ചെന്നൈക്ക് തല വേദനയാണ്. പരിക്കു മൂലം വലയുന്ന കേദാർ ജാദവിന്റെ അഭാവവും ചെന്നൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് കുറയ്ക്കും. ബോളിംഗാണ് ചെന്നൈയുടെ തുറുപ്പുചീട്ട്.
ഇമ്രാൻ താഹിർ, ഹർഭജൻ സിംഗ്, ജഡേജ, സാന്റ്നർ തുടങ്ങിയവർ അടങ്ങിയ ചെന്നൈ സ്പിൻ ബോളിംഗിനു മൂർച്ച കൂടുതലാണ്. സീസണിൽ ചെന്നൈക്കു വേണ്ടി സ്പിന്നർമാർ വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണം അർധ സെഞ്ച്വറിയിലും കൂടുതലാണ്.
എന്നാൽ ചെന്നൈ എന്ന വയസ്സൻ പടക്കു എതിരാളി യുവത്വത്തിന്റെ നിറ സാനിധ്യമുള്ള ഡൽഹി ക്യാപിറ്റൽസാണ്. യുവ താരങ്ങളായ പൃഥ്വി ഷാ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയവരോടൊപ്പം ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിര അപകടകാരികളായി മാറുമെന്ന് ഉറപ്പാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ റാബാദയുടെ അഭാവമാണ് ഡൽഹി ബോളിംഗിനു വിലങ്ങു തടിയായി മാറാൻ സാധ്യതയുള്ളത്.
Read also: ചെൽസിയും ആഴ്സണലും യൂറോപ്പ ലീഗ് ഫൈനലിൽ
എലിമിനേറ്റർ മത്സരം വിശാഖപട്ടണത്ത് നടന്നതും, ആ മത്സരത്തിൽ ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയ ഡൽഹി വീണ്ടും ഇതേ മൈതാനത്തേക്ക് ഇറങ്ങുമ്പോഴും വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
അതേസമയം ക്യാപ്റ്റൻ കൂളിന്റെ തന്ത്രങ്ങളിലാണ് ചെന്നൈ ആരാധകർ വിശ്വാസമർപ്പിക്കുന്നത്.. എന്തായാലും ഫൈനലിൽ മുംബൈയെ നേരിടുന്ന ടീമിനെ ഇന്നറിയാം. അതേസമയം മത്സരത്തിൽ തങ്ങളുടെ ഇഷ്ട ടീമുകളിൽ വിജയ പ്രതീക്ഷ അർപ്പിച്ചാണ് ഇരു ടീമുകളുടെയും ആരാധകർ…