തമിഴില്‍ അരങ്ങേറ്റംകുറിച്ച് സണ്ണി വെയ്ന്‍; ‘ജിപ്സി’യുടെ ട്രെയ്ലര്
മലയാളികളുടെ പ്രിയതാരമായ സണ്ണി വെയ്ന്‍ തമിഴ് സിനിമയില്‍ അരേങ്ങറ്റം കുറിച്ചിരിക്കുകയാണ്. ‘ജിപ്സി’ എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് ജിപ്സി എന്ന ചിത്രത്തിന്റെ ട്രെയ്ലര്. സഖാവ് ബാലനായാണ് ജിപ്സിയില്‍ സണ്ണിവെയ്ന് എത്തുന്നത്. ജീവയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം. സംവിധായകന് ലാല്‍ ജോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രാഷ്ട്രീയവും പ്രണയവും യാത്രയുമെല്ലാം ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ടെന്ന് സൂചന നല്‍കുന്നുണ്ട് ട്രെയ്ലര്. ആക്ഷനും സസ്പെന്‍സും പ്രണയവുമെല്ലാം നിറച്ചാണ് ജിപ്സിയുടെ ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
രാജു മുരുകനാണ് ‘ജിപ്സി’യുടെ സംവിധായകന്. ‘ജോക്കര്‍’, ‘കുക്കു’ എന്നീ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജു മുരുകന്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ പുതിയ ചിത്രത്തെ കാത്തിരിക്കുന്നതും. നഡാഷ സിങ്ങാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. സുശീല രാമന്, കരുണ പ്രസാദ് എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.
അതേസമയം കേരളത്തിലെ ചില ഇടങ്ങളും സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ചില ലൊക്കേഷന്‍ ചിത്രങ്ങളും നേരത്തെ സണ്ണി വെയ്ന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി.