മനസിൽ സന്തോഷവും ചുണ്ടിൽ പുഞ്ചിരിയും വിടർത്തി ചില ചിത്രങ്ങൾ
ചിലപ്പോഴെങ്കിലും ചില ചിത്രങ്ങൾ കഥകൾ പറയാറുണ്ട്..മനസിനും കണ്ണിനും ഒരുപോലെ കുളിർമ്മ നൽകുന്ന ചിത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.. ആർദ്രമായ സംഗീതം പോലെ ചില ചിത്രങ്ങളും മനസിൽ വരച്ചു ചേർക്കപ്പെടാറുണ്ട്.
ക്യാമറ കണ്ണുകളിൽ പകർത്തപ്പെടുന്ന ചിത്രങ്ങൾക്ക് ചിലപ്പോൾ ജീവനുണ്ടോ എന്ന് പോലും തോന്നിപോകാം, കലയും സംസ്കാരവും, പ്രകൃതി ഭംഗിയുമൊക്കെ പറയുന്ന ചിത്രങ്ങൾക്കാണ് കാഴ്ച്ചക്കാർ അധികവും.. ഇപ്പോഴിതാ ആസ്വാദക ഹൃദയം കീഴടക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് വേണ്ടി തയാറാക്കിയ ‘ഹ്യുമൻ ബൈ നേച്ചർ’ എന്ന പരസ്യ ക്യാമ്പെയിനിൽ ഉൾപ്പെട്ട ചിത്രങ്ങളാണ് ആരാധക ഹൃദയം കീഴടക്കാൻ എത്തുന്നത്.
കാട്, കായൽ, കടലോരം, തെരുവുകൾ, ക്ഷേത്രം തുടങ്ങിയവ ഉൾപ്പെട്ട ചിത്രങ്ങൾ ആഗോളതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരം. എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിലെ സൃഷ്ടാവിനെയാണ് ഇപ്പോൾ ഏവരും അത്ഭുതത്തോടെ നോക്കുന്നത്.ജോയ് എൽ എന്ന കനേഡിയൻ സ്വദേശിയാണ് ഈ മനോഹര ചിത്രങ്ങൾക്ക് പിന്നിൽ. 17- ആം വയസിൽ ക്യാമറയിൽ അത്ഭുതങ്ങൾ പകർത്തിത്തുടങ്ങിയ അദ്ദേഹത്തിന്റെ ഈ ചിത്രങ്ങളിൽ പലപ്പോഴും കേരളവും വരാണസിയുമൊക്കെ വിഷയങ്ങൾ ആകാറുണ്ട്.
ഈ അമാനുഷിക മനുഷ്യൻ ക്യാമറകണ്ണുകിൽ ഒപ്പിയെടുത്തത് വെറും ചിത്രങ്ങൾ ആയിരുന്നില്ല. ഓരോ ചിത്രങ്ങളും പറഞ്ഞത് ഓരോ വ്യത്യസ്ഥ കഥകൾ തന്നെയായിരുന്നു. തന്റെ മനോഹര ചിത്രങ്ങളുടെ പിറവിയുടെ രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ജോയ്.
“ഒറ്റ നോട്ടത്തിൽ ചിലപ്പോൾ ഇവയൊക്ക വെറും ചിത്രങ്ങൾ മാത്രമായിരിക്കും, എന്നാൽ അവയിൽ കണ്ണെടുക്കാതെ സൂക്ഷിച്ചുനോക്കിയാൽ കാണാനാവുക കേരളത്തനിമയും സംസ്കാരവുമായിരിക്കുമെന്നും” അദ്ദേഹം എഴുതി ചേർത്തു.
Human By Nature – Kerala India Stills Campaign Behind the Scenes from Joey L on Vimeo.