യാത്രയിലെ ക്ഷീണമകറ്റാൻ കുടിവെള്ളവും ലഭ്യമാക്കി കെഎസ്ആർടിസി

May 3, 2019

കെ എസ് ആർ ടി സി യാത്രകൾ പലപ്പോഴും ഒരു അനുഭവമാണ്.. ഒരു മലയാളിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കെ എസ് ആർ ടി സി യാത്രകൾ. കാരണം മിക്കപ്പോഴും ഈ യാത്രകൾ ജീവിതത്തിലെ അസുലഭമായ നിമിഷങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടികൾ ഓരോ പുതിയ രൂപത്തിലും ഭാവത്തിലുമൊക്കെ എത്തുമ്പോഴും യാത്രക്കാർക്ക് സുഗമമായ യാത്രകൾ ഒരുക്കുക എന്നതുതന്നെയാണ് പ്രധാന ലക്ഷ്യം.

വോൾവോയും സ്‌കാനിയ ബസുകളുമൊക്കെ ഒരുക്കിയ കെ എസ് ആർ ടി സി സർവീസിലെ കുടിവെള്ള വിതരണമാണ് ഇപ്പോൾ യാത്രക്കാർക്ക് കൂടുതൽ ആവേശം പകർന്നിരിക്കുന്നത്. കുമളി കൊന്നക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സിയുടെ കുമളി കൊന്നക്കാട് സൂപ്പർ ഫാസ്റ്റിലെ ബസ് ജീവനക്കാർ തന്നെയാണ് ഈ ചൂടുകാലത്ത് ബസ്  യാത്രക്കാർക്ക് കുടിവെള്ള വിതരണമെന്ന പുതിയ ആശയവുമായി എത്തിയിരിക്കുന്നത്. അതേസമയം ബസ് ജീവനക്കാർ തന്നെയാണ് യാത്രക്കാർക്ക് കുടിവെള്ള വിതരണവും ഒരുക്കുന്നത്. പുതിയ ആശയവുമായി എത്തിയ ബസ് ജീവനക്കാർക്ക് പൂർണ പിന്തുണയുമായി കെ എസ് ആർ ടി സി ഫാൻസും ഡിപ്പോയിലെ ജീവനക്കാരും രംഗത്തുണ്ട്.

Read also:‘അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി’ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുമളി കൊന്നക്കാട് റൂട്ടിൽ ലോങ്ങ് ട്രിപ്പ് നടത്തുന്ന ബസിലാണ് പുതിയ സൗകര്യമൊരുക്കി ബസ് ജീവനക്കാർ എത്തിയത്. കുമളിയിൽ നിന്നും വൈകുന്നേരം 5 മണിയ്ക്ക് പുറപ്പെടുന്ന ബസ് പുലർച്ചയോടെയാണ് കൊന്നക്കാട് എത്തുക. തിരിച്ച് കൊന്നക്കാട് നിന്നും വൈകുന്നേരമാണ് തിരിച്ച് ബസ് കുമളിക്ക് പുറപ്പെടുന്നത്. സാധാരണ ഗതിയില്‍ കെ എസ്ആര്‍ ടി സിയുടെ  പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ് കുടിവെള്ളം  നൽകാറുള്ളത്. എന്നാൽ സൂപ്പർ ഫാസ്റ്റ് പോലുള്ള ബസുകളിൽ രാത്രി യാത്രകൾക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് പലപ്പോഴും വെള്ളവും മറ്റും ലഭിക്കാറില്ല. ഈ ബുദ്ധിമുട്ട് മനസിലാക്കിയാണ് പുതിയ സംരംഭവുമായി ബസ് ജീവനക്കാർ എത്തുന്നത്.