സുകുമാരക്കുറുപ്പിന്റെ കഥപറയാൻ ദുൽഖർ എത്തുന്നു; ‘കുറുപ്പ്; ചിത്രീകരണം ആരംഭിച്ചു
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രം ‘ കുറുപ്പി’ന്റെ ചിത്രീകരണം ആരംഭിച്ചു. ദുൽഖർ സൽമാനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് പുതിയ ചിത്രത്തിന്റ വിശേഷങ്ങൾ പങ്കുവെച്ചത്. ‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍…” എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാനായിരിക്കും സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുക. ഈ ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്ന് താരം നേരത്തെ തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. സെക്കൻഡ് ഷോ, കൂതറ എന്നീ സിനിമകൾക്കു ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്.
1984 ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷൂറൻസ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.
Read also: നിശബ്ദതയിലും വാചാലമാകുന്ന കൊച്ചിയിലെ ചില രാത്രി യാത്രകൾ
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം ഇപ്പോൾ സിനിമയാകാൻ പോകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിതിന് കെ ജോസ്, ജിഷ്ണു ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ദുൽഖർ സൽമാൻ ആയിരിക്കുമെന്നും സൂചനയുണ്ട്. അതേസമയം സിനിമയുടെ അണിയണ പ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സംവിധായകൻ അറിയിച്ചത്.