മുഖ്യമന്ത്രിയായി മമ്മൂട്ടി; പുതിയ ചിത്രം ‘വൺ’ ഉടൻ
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയായാണ് വേഷമിടുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ പേര് റൺ എന്നാണ്.
മലയാളത്തിലെ പ്രമുഖതാരനിരകളും അണിനിരക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് ചിത്രം നിര്‍മിക്കാൻ ഒരുങ്ങുന്നത്.
അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരത്തിന്റേതായി അണിയറയിൽ റിലീസിനൊരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ഉണ്ട. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ എസ് ഐ മണിയായാണ് മമ്മൂട്ടി എത്തുന്നത്. ഖാലിദ് റഹമാന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. ഒപ്പം മമ്മൂട്ടിയുടേതായി ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് മാമാങ്കം.
ശങ്കര്‍ രാമകൃഷ്ണൻ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന്‍ പ്രധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 18ാം പടി. എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. 18ാം പടിയില്‍ പ്രധാന ഗസ്റ്റ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’.