മറഡോണയുടെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററി കാന്‍ ചലചിത്രമേളയിലേക്ക്
കാല്പന്തുകളിയുടെ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതകഥ പറയുന്ന പുതിയ ഡോക്യുമെന്ററി വരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലിലായിരിക്കും ഡേക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം. നേരത്തെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ ടീസര്‍ മികച്ച സ്വീകാര്യത നേടിയിരുന്നു.
നപ്പോളിലെ താരത്തിന്റെ കാലഘട്ടമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം എന്നാണ് സൂചന. ഇതിഹാസ താരത്തിന്റെ ഫുട്ബോള്‍ ജീവിതത്തില്‍ അധികം ആര്‍ക്കും അറിയാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയുടെ ഭാഗമാകുമെന്നും സൂചനയുണ്ട്. നപ്പോളിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രസീലിന്റെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ സേനയെ കുറിച്ച് ഡോക്യുമെന്ററി തയാറാക്കിയ സംഘം തന്നെയാണ് മറഡേണയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും തയാറാക്കുന്നത്.
ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരില്‍ ഒരാളാണ് ഡീഗോ മറഡേണ. ക്ലബ് ഫുട്ബോള്‍ ജീവിതത്തില്‍ അര്‍ജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നപ്പോളി, സെവിയ്യ, നെവല്‍സ് ഓള്‍ഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകള്‍ക്കുവേണ്ടി താരം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകളും നേടിയിട്ടുണ്ട്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചു. 1986 ലെ ലോകകപ്പ് കിരീടത്തിലേക്ക് അര്‍ജന്റീനയെ നയിച്ചതില്‍ സുപ്രധാനമായ പങ്കുവഹിച്ചതും മറഡേണ തന്നെയാണ്. ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ ഇതേ ലേകകപ്പില്‍ സ്വന്തമാക്കുകയും ചെയ്തു.
അതേസമയം 1986 ലെ ലോകകപ്പ് ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ മറഡേണ നേടിയ രണ്ട് ഗോളുകള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഇടം നേടിയിട്ടുണ്ട്. ഇവയില്‍ ഒരു ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും മറ്റേത് ‘നൂറ്റാണ്ടിലെ ഗോള്‍’ എന്നും അറിയപ്പെടുന്നു. എക്കാലത്തും ആരാധകര്‍ ഏറെയുള്ള കളിക്കാരനാണ് ഡീഗോ മറഡോണ.