പ്രളയം വെള്ളിത്തിരയിലേക്ക്; ‘മൂന്നാം പ്രളയം’ ഒരുങ്ങുന്നു
നടുക്കത്തോടെയല്ലാതെ കേരളക്കരയ്ക്ക് ഓർത്തെടുക്കാൻ സാധിക്കില്ല പ്രളയം എന്ന മഹാദുരന്തത്തെ. ഇപ്പോഴിതാ കേരളം നേരിട്ട മഹാപ്രളയം വെള്ളിത്തിരയിൽ എത്തുന്നു. ‘മൂന്നാം പ്രളയം’ എന്നു പേരിട്ട ചിത്രം സംവിധാനം നിർവഹിക്കുന്നത് രതീഷ് രാജു ആണ്. ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ നടൻ ജയറാം നിർവഹിച്ചു. പ്രളയ സമയത്തെ രണ്ട് രാത്രികളിലും ഒരു പകലിലുമായി നടക്കുന്ന കഥയാണിത്. പ്രളയ ദിനങ്ങളിൽ നമ്മൾ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിൻ്റെ അടയാളമാണ് ഈ ചിത്രമെന്നാണ് സംവിധായകൻ അഭിപ്രായപ്പെടുന്നത്.
ചുരുങ്ങിയ 13 ദിവസം കൊണ്ടാണ് നവാഗതനായ രതീഷ് രാജു ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രത്തിൽ 120 -ഓളം ആളുകൾ അഭിനയിക്കുന്നുണ്ട്. അതിൽ അറുപതോളം പേർ പുതുമുഖങ്ങളാണ്. അടിമാലി, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെഭൂരിഭാഗവും ചിത്രീകരിച്ചത്. എസ്കെ വില്വൻ ആണ് മൂന്നാം പ്രളയത്തിനും കഥ തയാറാക്കുന്നത്.
Read also: ഇക്ക ഫാൻസാണോ..? എങ്കിൽ സംഗതി ഭേഷാകും!; ‘ഇക്കയുടെ ശകട’ത്തിന്റെ ട്രെയ്ലർ കാണാം..
അഷ്ക്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം നയാഗ്ര മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് നിർമ്മിച്ചിരിക്കുന്നത്. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ചിത്രം പ്രദർശനത്തിനെത്തും.