പൂരപ്പറമ്പിൽ താരമായി യതീഷ് ചന്ദ്ര; വൈറലായി വീഡിയോ
പൂരം തൃശൂർകാർക്ക് ആവേശമാണ്..പൂരം കൊടിയിറങ്ങിയിട്ടും തൃശൂരിന്റെ ലഹരിയിൽ ഇഴുകിച്ചേർന്ന പൂരത്തിന്റെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.. കുടമാറ്റത്തിലൂടെ പെരുമ കാട്ടിയ പാറമേക്കാവ്, തിരുവമ്പാടിക്കാര്‍ യാത്രപറഞ്ഞ് പിരിഞ്ഞു.. ഇനി അടുത്ത മേടത്തിലെ പൂരം നാളില്‍ വീണ്ടും ഒത്തുകൂടാനായി… അടുത്ത വര്‍ഷത്തെ പൂരത്തിന് നിരത്തേണ്ട കുടകളുടെ വര്‍ണ്ണങ്ങളും പൊട്ടിയ്ക്കേണ്ട വെടിയുടെ തന്ത്രങ്ങളുമാണ് പൂരപ്രേമികളുടെ മനസിൽ. പൂരപ്പറമ്പിലെ ഓരോ വാർത്തകൾക്കും ആസ്വാദകരും ഏറെയാണ്. ഇപ്പോഴിതാ പൂരപ്പറമ്പിൽ താരമായി മാറിയ യതീഷ് ചന്ദ്രയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
പൂര ആസ്വാദകർക്കൊപ്പം തെക്കേ ഗോപുര നടയിൽ ആടിത്തിമിർക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോയാണ് വൈറലാകുന്നത്. പൂരപ്രേമികളെ വടംകെട്ടി നിർത്തിയതിന്റെ സമീപത്തുനിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം എത്തിയ അദ്ദേഹം പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെയാണ് പൂരപ്രേമികൾക്കൊപ്പം ചേരുന്നത്. ആർപ്പുവിളികൾക്കൊപ്പം കൈകൾ വീശിയും ചേർത്തടിച്ചുമൊക്കെ പൂരം ആവേശമാകുന്ന യതീഷ് ചന്ദ്രയെയാണ് വിഡിയോയിൽ കാണുന്നത്.
തൃശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്ഷണീയവുമായ ചടങ്ങുകളിൽ ഒന്നാണ് കുടമാറ്റം. പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. തൃശൂർ പൂരത്തിലെ സൂപ്പർ താരങ്ങൾ എഴുന്നള്ളത്തിനെത്തുള്ള ആനകളാണ്. മുപ്പത്തിയാറ് മണിക്കൂർ നീളുന്ന പൂര വിസ്മയത്തിൽ ഓരോ കൊമ്പന്മാർക്കും നീണ്ട നിര ആരാധകരുമുണ്ട്. ആനച്ചമയങ്ങളും കുടമാറ്റവുമൊക്കെ ആവേശം പകരുന്ന തൃശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ പൂരനാളുകളിൽ തൃശൂരിന്റെ ഭാഗമാണ്. പൂരക്കമ്പക്കാര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ ഓര്‍മ്മിക്കാന്‍ പഞ്ചവാദ്യത്തിന്റെ ലഹരിയും പൂരത്തിന്റെ വര്ണക്കാഴ്ചകളും ബാക്കിയാക്കിയാണ് പൂരം അവസാനിച്ചത്. ഓരോ പൂരത്തിനും മൈതാനിയില്‍ പൂഴി നുള്ളിയിട്ടാല്‍ പോലും നിലത്തുവീഴാത്തത്രയും ജനത്തിരക്കാണ്. തൃശൂർക്കാരുടെ മാത്രമല്ല കേരളക്കരയുടെ മുഴുവൻ വികാരമാണ് ചരിത്രവും ചൈതന്യവും ഒന്നിക്കുന്ന തൃശൂർ പൂരം..