നാല് വര്‍ഷങ്ങള്‍ക്ക് ശേഷം രമ്യ നമ്പീശന് മലയാള സിനിമയിലേക്ക്
വിത്യസ്തങ്ങളായ അനവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടിയ രമ്യ നമ്പീശന് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്.
നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. ഒരു വിങ്ങലോടെയല്ലാതെ കേരളത്തില്‍ പടര്‍ന്നുകയറിയ നിപാ വൈറസിനെ ഓര്‍ക്കാനാകില്ല. വൈറസ് ബാധയില്‍ ജീവന് പൊലിഞ്ഞവരെയും. ആഴ്ചകള്‍ക്കു മുമ്പാണ് പ്രേക്ഷകന്റെ ഉള്ളുലച്ച്, ഭയം നിറച്ച് വൈറസിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത്. ഒരു വൈറസ് പോലെ പ്രേക്ഷകന്റെ ഉള്ളിലാകെ പടര്‍ന്നുകയറിയിരുന്നു ഈ ട്രെയ്ലര്. നിരവധി പേര് ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. ട്രെയ്ലറിനു പിന്നാലെ നിരവധി പേര് നിപാ കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
നിപാ കാലത്ത് കേരളം അനുഭവിച്ച മാനസീക സംഘര്‍ഷങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം പച്ച കെടാതെതന്നെ ആവിഷ്കരിക്കുന്ന ചിത്രമാണ് വൈറസ് എന്നാണ് നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര് നല്കുന്ന സൂചന. രേവതി, കുഞ്ചാക്കോ ബോബന്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ചെമ്പന്‍ വിനോദ്, സൗബിന് സാഹിര്‍, ദിലീഷ് പോത്തന് തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന് ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’ എന്നാണ് സൂചന.
Read more:“സൗബിന് ഇന്ത്യയിലെ മികച്ച നടന്മാരില് ഒരാള്‍”; ‘ജാക്ക് ആന്‍ഡ് ജില്ലി’ലേക്ക് വരവേറ്റ് സന്തോഷ് ശിവന്
മിനിസ്ക്രീനിലെ അവതരണത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ രമ്യ നമ്പീശന് ശരത് സംവിധാനം നിര്‍വ്വഹിച്ച ‘സായ്ഹാനം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിനു പുറമെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും താരം ശ്രദ്ധേയമാണ്. പെരുമഴക്കാലം, ഗ്രാമഫോണ്‍, ചോക്ലേറ്റ്, ശലഭം, ചാപ്പാ കുരിശ്, ബാച്ച്ലര് പാര്‍ട്ടി, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ രമ്യ നമ്പീശന് വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടി. ഇടക്കാലത്തേക്ക് മലയാളത്തില്‍ സജീവമായിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കുന്നുണ്ടായിരുന്നു. 2005- ല്‍ പുറത്തിറങ്ങിയ ‘സൈഗാള്‍ പാടുകയാണ്’ എന്നതായിരുന്നു രമ്യ നമ്പീശന് പ്രത്യക്ഷപ്പെട്ട അവസാന മലയാള ചിത്രം.