‘വൈറസി’ല്‍ ഫഹദ് ഫാസിലിനെ മിസ് ചെയ്യുന്നുവെന്ന് റിമ കല്ലിങ്കല്‍
ഒരു വിങ്ങലോടെയല്ലാതെ കേരളത്തില്‍ പടര്‍ന്നുകയറിയ നിപാ വൈറസിനെ ഓര്‍ക്കാനാകില്ല. വൈറസ് ബാധയില്‍ ജീവന് പൊലിഞ്ഞവരെയും. നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. ആഴ്ചകള്‍ക്കു മുമ്പാണ് പ്രേക്ഷകന്റെ ഉള്ളുലച്ച്, ഭയം നിറച്ച് വൈറസിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത്. ഒരു വൈറസ് പോലെ പ്രേക്ഷകന്റെ ഉള്ളിലാകെ പടര്‍ന്നുകയറിയിരുന്നു ഈ ട്രെയ്ലര്. നിരവധി പേര് ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. ട്രെയ്ലറിനു പിന്നാലെ നിരവധി പേര് നിപാ കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനെ മിസ് ചെയ്യുന്നുണ്ടെന്ന് ആഷിഖ് അബുവിന്റെ ഭാര്യയും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനെയും ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിരന് എന്ന ചിത്രത്തിന്റെ തിരക്കലിയാരുന്നു ഫഹദ്. അതുകൊണ്ടുതന്നെ വൈറസിന്റെ ഭാഗമാകാന്‍ ഫഹദിന് സാധിച്ചില്ലെന്നും റിമ വ്യക്തമാക്കി.
Read more:ആകാംഷ നിറച്ച് ഇന്‍സ്പെക്ടര്‍ മണി സാര്‍; ശ്രദ്ധേയമായി ‘ഉണ്ട’ ടീസര്‍
രേവതി, കുഞ്ചാക്കോ ബോബന്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്, ചെമ്പന്‍ വിനോദ്, സൗബിന് സാഹിര്‍, ദിലീഷ് പോത്തന് തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ട്രെയ്ലറില്. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന് ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’ എന്നാണ് സൂചന.
ആഷിക് അബു 2009ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്.