തൃശൂരിന്റെ കഥപറയാൻ വിജയ് ബാബുവും ജയസൂര്യയും ഒന്നിക്കുന്നു; പൂരപ്പറമ്പിൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അണിയറ പ്രവർത്തകർ
തൃശൂറിന്റെ കഥപറയാൻ പുതിയ ചിത്രവുമായി വിജയ് ബാബു എത്തുന്നു. തൃശൂർ പൂരം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിങ് പൂരപ്പറമ്പിൽ വച്ചുതന്നെയാണ് നടന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് രാജേഷ് മോഹനാണ്.
തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തൃശൂരിന്റെ വികാരം കൂടിയായ പൂരം സിനിമയാകുമ്പോൾ ഏറെ ആവേശത്തോടെയാണ് തൃശൂർ ജനത. പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. ആനച്ചമയങ്ങളും കുടമാറ്റവുമൊക്കെ ആവേശം പകരുന്ന തൃശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ തൃശൂരിന് ഏറെ ആവേശം പകരാറുണ്ട്. തൃശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്ഷണീയവുമായ ചടങ്ങുകളും ചിത്രത്തിൽ ഉണ്ടാകും.
Read also: പൂരലഹരിയിൽ തൃശൂർ…ആവേശത്തിമിർപ്പിൽ ആയിരങ്ങൾ
ജന്മം കണ്ട് തൃശൂർ കാരനല്ലെങ്കിലും കർമ്മം കൊണ്ട് തൃശൂരൂകരായ ജയസൂര്യ ചിത്രത്തിൽ നായകനായി എത്തുന്നതും ആവേശം ഇരട്ടിയാക്കുന്നുണ്ട്. അതേസമയം ആട്, പുണ്യാളൻ അഗർബത്തീസ് എന്നീ ചിത്രങ്ങളിലും തൃശൂരുകാരനാണ് ജയസൂര്യ എത്തുന്നത്.
ആട്, അങ്കമാലി ഡയറീസ്, ജൂൺ എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് തൃശൂർ പൂരം. അങ്കമാലി ഡയറീസ് പോലെ തന്നെ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.