പൂരലഹരിയിൽ തൃശൂർ…ആവേശത്തിമിർപ്പിൽ ആയിരങ്ങൾ
തൃശൂർ മുഴുവൻ പൂരത്തിന്റെ ആവേശത്തിലാണ്…സര്വൈശ്വര്യങ്ങളുടെയും സാക്ഷിയായ വടക്കുംനാഥന്റെ വിശുദ്ധി ഇത്തവണയും പൂരപ്പറമ്പിൽ നിറയുമെന്നുള്ള പ്രതീക്ഷയിൽ ആയിരക്കണക്കിന് പൂരപ്രേമികളാണ് തൃശൂരിൽ എത്തിയിരിക്കുന്നത്..വടക്കും നാഥനെ ദർശിക്കാൻ കണിമംഗലം ശാസ്താവ് എത്തുന്നതിന് മുന്നുള്ള ഒരുക്കങ്ങൾക്ക് തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. വടക്കുനാഥ സന്നിധിയിലെ ഇലഞ്ഞിത്തറയും തെക്കേ ഗോപുര നടയുമൊക്കെ തൃശൂർ പൂരത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ്..പൂരത്തിന്റെ ഭാഗമായി വടക്കും നാഥ സന്നിധിയിലേക്ക് ഘടക പൂരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
11.30 ന് നടക്കുന്ന മഠത്തിൽ വരവും രണ്ടുമണിയോടെ ആരംഭിക്കുന്ന ഇലഞ്ഞി തറ മേളവും നാദ താളവൈവിധ്യങ്ങലും മേളത്തിന്റെ മാറ്റ് കൂട്ടും. അഞ്ചരയോടെ തെക്കേഗോപുരനടയിൽ കുടമാറ്റം തുടങ്ങും. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവിമാർ ഉപചാരംചൊല്ലി പിരിയുന്നതോടെ പൂരം പൂർണമാവും.
പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. ആനച്ചമയങ്ങളും കുടമാറ്റവുമൊക്കെ ആവേശം പകരുന്ന തൃശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ തൃശൂരിന്റെ ഭാഗമായി അലിഞ്ഞു ചേരാനൊരുങ്ങുകയാണ്. തൃശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്ഷണീയവുമായ ചടങ്ങുകളിൽ ഒന്നാണ് കുടമാറ്റം. കുടമാറ്റത്തിനായുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. അവസാന ഘട്ടത്തിൽ എത്തിയ തിരുവമ്പാടി വിഭാഗത്തിന്റെ കുടനിർമാണം പൂരപ്രേമികളെ അമ്പരപ്പിക്കുമെന്നുള്ള പ്രതീക്ഷയിലാണ് തൃശൂർ നഗരം.
അതേസമയം കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.