പൂരപ്പറമ്പുകളിൽ ആവേശം പകർന്ന് ടൈറ്റസേട്ടൻ…
നാടെങ്ങും പൂരത്തിന്റെ ആവേശത്തിലാണ്..പൂരം തലയ്ക്കു പിടിച്ച നിരവധി തൃശൂർക്കാരെ പൂരപ്പറമ്പുകളിൽ നമുക്ക് കാണാനാകും.. പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. ആനച്ചമയങ്ങളും കുടമാറ്റവുമൊക്കെ ആവേശം പകരുന്ന തൃശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ തൃശൂരിന്റെ ഭാഗമായി അലിഞ്ഞു ചേരാനൊരുങ്ങുകയാണ്. പൂരത്തിന്റെ ആവേശം അരങ്ങ് തകർക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ മേളാസ്വാദകൻ, തൃശ്ശൂർക്കാരുടെ സ്വന്തം ടൈറ്റസേട്ടനാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ചെണ്ട, ആന, പൂരം ഒരു ശരാശരി തൃശൂർക്കാരന് വേണ്ട അത്യാവശ്യ ഗുണങ്ങളൊക്കെയാണ് ഇവ. ഈ ശരാശരി കഴിവുകൾ ഒക്കെ ഉണ്ടെങ്കിലും തൃശൂരിന്റെ സ്വന്തം ടൈറ്റസേട്ടന് ചെറുപ്പം മുതലേ പൂരം തലയ്ക്ക് പിടിച്ച ആളൊന്നുമല്ല. തന്റെ 39 ആം വയസിലാണ് ഈ പൂരപ്രേമം അദ്ദേഹത്തിന്റെ തലയിൽ കയറിക്കൂട്ടിയത്. സംഗതി കയറി കൂടുങ്ങിയതുപോലെ അത്ര എളുപ്പമായിരുന്നില്ല പിന്നെ ഇറങ്ങിപ്പോകാൻ.. ഇപ്പോഴിതാ കേരളം കണ്ട ഏറ്റവും വലിയ മേളാസ്വാദകൻ എന്ന ബഹുമതിയും നേടിയിരിക്കുകയാണ് നമ്മുടെ ടൈറ്റസേട്ടൻ. എക്സൈസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് ടൈറ്റസ്. ജോലിക്കിടയിലും അദ്ദേഹം കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പൂരപ്പറമ്പുകളിൽ നിറസാന്നിധ്യമാകാറുണ്ട്.
പൂരപ്പറമ്പുകളിലെ മേളത്തിനിടയിൽ എല്ലാം മറന്ന് സ്വയം നൃത്തം ചെയ്യുന്ന ഒരു മധ്യവയസുകാരനെ കണ്ടാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. അത് നമ്മുടെ ടൈറ്റസേട്ടനാണ്. മേളത്തോട് ഇത്രയും ആരാധനയും ആസ്വാദനവുമുള്ള ഒരു പച്ച മനുഷ്യൻ ഭൂമി മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയം തോന്നും അദ്ദേഹത്തിന്റെ പൂരപ്രേമം കണ്ടാൽ. അത്രമേൽ മേളക്കൊഴുപ്പിൽ ലയിച്ചാണ് അദ്ദേഹം പൂരപ്പറമ്പിൽ നിറഞ്ഞാടുന്നത്.
പൂരപ്രേമികളെ ആവേശത്തിലാക്കാക്കുന്ന പുരകാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ കേരളക്കര മുഴുവൻ ഒരുങ്ങിയിരിക്കുകയാണ്. ഒരു നഗരത്തിന്റെ പ്രൗഢിയും പെരുമയും പറയുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം. സര്‍വൈശ്വര്യങ്ങളുടെയും സാക്ഷിയായ വടക്കും നാഥന്റെ വിശുദ്ധി ഇത്തവണയും പൂരപ്പറമ്പിൽ നിറയുമെന്നുള്ള പ്രതീക്ഷയിലാണ് പൂരപ്രേമികൾ.