നാളെ തിയേറ്ററുകൾ കീഴടക്കുന്ന ചിത്രങ്ങളിലൂടെ…

May 16, 2019

സിനിമ മലയാളികൾക്ക് ആവേശമാണ്.. നല്ലചിത്രങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും, മോശം ചിത്രങ്ങളെ വേരോടെ പിഴുതു നശിപ്പിയ്ക്കാനുമൊക്കെ മലയാളികളേക്കാൾ മികവ് പുലർത്തുന്ന സിനിമ ആസ്വാദകർ ഇല്ലെന്ന് തന്നെ വേണം പറയാൻ. പുതിയ തരം ചിത്രങ്ങളെയും, പുതിയ അഭിനേതാക്കളെയും, നവാഗത സംവിധായകരെയുമൊക്കെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ഒരു പ്രവണതയും മലയാളികൾക്കിടയിൽ വളർന്നുവരുണ്ട്.

ഓരോ ആഴ്ച്ചയും റിലീസിനെത്തുന്ന ചിത്രങ്ങൾക്കായി അക്ഷമരായി കാത്തിരിക്കുന്ന സിനിമ ആസ്വാദകരും നിരവധിയാണ് നമുക്കിടയിൽ. നാളെ റിലീസിനെത്തുന്ന ചിത്രങ്ങളെ പരിചയപ്പെടാം.

കുട്ടിമാമ 

മലയാളി സിനിമ ആസ്വാദകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന പേരാണ് കുട്ടിമാമ എന്നത്. ‘കുട്ടിമാമ ഞാൻ പെട്ടുമാമ ‘ മലയാളി ഉള്ളിടത്തോളം കാലം ഈ ഡയലോഗും ഉണ്ടാകും. കാരണം മലയാളി പ്രേക്ഷകർ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ചിത്രമാണ് യോദ്ധ.  എന്നാൽ  ശ്രീനിവാസൻ പ്രധാന കഥാപാതമായി എത്തുന്ന ചിത്രമാണ് കുട്ടിമാമ. ശ്രീനിവാസനൊപ്പം മകൻ ധ്യാൻ ശ്രീനിവാസനും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

സംവിധായകന്‍ വി എം വിനു നിർമ്മിക്കുന്ന പുതിയ ചിത്രമാണ്  ‘കുട്ടിമാമ’. യോദ്ധയിലെ  കുട്ടിമാമയുമായി ബന്ധമില്ലെങ്കിലും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു പട്ടാളക്കാരന്‍റെ കഥയാണ് ‘കുട്ടിമാമ’യിലൂടെ പറയുന്നത്. നായികയായി ചിത്രത്തിൽ വേഷമിടുന്നത് വിമാനം എന്ന ചിത്രത്തിലെ നായിക ദുർഗ കൃഷ്ണയാണ്.ഫുൾ ടൈം ഫാമിലി എന്റെർറ്റൈനെർ ആയ ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ഇഷ്‌ക്

നവാഗത സംവിധായകർക്ക് മികച്ച സ്വീകരണം ലഭിക്കുന്നതുകൊണ്ടുതന്നെ , അനുരാജ് മനോഹർ സംവിധാനം ചെയുന്ന ചിത്രവും പ്രേക്ഷകർ സ്വീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. ഷെയ്ൻ നിഗം നായകനായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾക്കും പാട്ടുകൾക്കുമൊക്കെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്നത്. ചിത്രം ഒരു പ്രണയകഥയല്ലെന്നും എന്നാൽ പ്രണയത്തിന്റെ പശ്ചാത്തലമില്ലാതെ പറയാൻ സാധിക്കിലാത്ത ചിത്രമാണെന്നും സംവിധായകൻ പറഞ്ഞിരുന്നു.സിനിമയ്ക്ക് ശക്തമായൊരു ലവ് ട്രാക് ഉണ്ട്. എന്നാൽ ഇത് പൂർണമായും ഒരു പ്രണയകഥയല്ല. പ്രണയത്തിനൊപ്പമുണ്ടാകുന്ന പൊസസീവ്‌നെസ്, ഈഗോ എന്നിവയെകുറിച്ചൊക്കെ ചിത്രത്തിൽ പറയുന്നുണ്ട്. പൊതുവെ ആളുകൾ അനുഭവിക്കുന്ന എന്നാൽ പറയാൻ മടിക്കുന്ന ചില സാമൂഹ്യ വിഷയങ്ങളും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ടെന്നും ചിത്രത്തെക്കുറിച്ച് സംവിധായകൻ പറഞ്ഞിരുന്നു.

ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചുണ്ടിൽ പുകയുന്ന സിഗരറ്റും കണ്ണുകളിൽ തീഷ്ണ നോട്ടവുമായി നിൽക്കുന്ന ഷെയ്‌ന്റെ പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

Read also: ‘നാല്പത്തിയൊന്ന്’ പൂർത്തിയാക്കി ലാൽ ജോസും സംഘവും; ചിത്രങ്ങൾ കാണാം..

സിദ്ധാർത്ഥൻ എന്ന ഞാൻ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ സിബി തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സിദ്ധാർത്ഥൻ എന്ന ഞാൻ. നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിദ്ധാർഥൻ എന്ന ഞാൻ.

ഒരു നാട്ടും പുറത്തുകാരന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ സാധാരണക്കാരുടെ ജീവിതമാണ് പറയുന്നത്. സിദ്ധാർഥൻ എന്ന നാട്ടിൻ പുറത്തുകാരന്‍റെ ജീവിതത്തിലൂടെയാണ് കഥ നീങ്ങുന്നത്. പുതു മുഖമായ അതുല്യ പ്രമോദാണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നത്. സാധാരണക്കാരുടെ ജീവിത കഥ പറയുന്ന ചിത്രവും പ്രേക്ഷക ഹൃദയം കീഴടക്കുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാലോകം.

ഒരു നക്ഷത്രമുള്ള ആകാശം

അപർണ ഗോപിനാഥ്‌ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം. നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും സംവിധാനം ചെയ്യുന്ന ചിത്രം സാമൂഹ്യപ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഉമ എന്ന സ്കൂൾ അധ്യാപികയാണ് അപർണ ചിത്രത്തിൽ വേഷമിടുന്നത്.

ഒരൊന്നന്നര  പ്രണയകഥ 

ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരൊന്നന്നര പ്രണയകഥ. ഒരേ ഗ്രാമത്തിലുള്ള രമണനും ആമിനയും എല്‍.പി. സ്‌കൂള്‍ മുതല്‍ ഉപജില്ല കലോത്സവത്തില്‍ പങ്കെടുത്ത് പരസ്പരം മത്സരം തുടങ്ങി, ശേഷം കോളേജ് തലത്തില്‍ വരെ നീണ്ടുനിൽക്കുന്ന സ്നേഹത്തിന്റെയും നോവിന്റെയുമൊക്കെ കഥയാണ് ചിത്രം പറയുന്നത്.