‘ഉയരെ’ ഇനി സൗത്ത് കൊറിയയിലെ തീയറ്ററുകളിലും
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ഉയരെ’ സൗത്ത് കൊറിയയിലെ തീയറ്ററുകളിലേക്കെത്തുന്നു. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളുമെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ഈ ഗാനം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പ്രണയഭാവത്തിന്റെ വേരാഴ്ത്തുന്നു. പാര്‍വ്വതിയും ആസിഫ് അലിയുമാണ് ഗാനരംഗത്ത് നിറഞ്ഞ് നില്‍ക്കുന്നത്. മനോഹരമായ ഈ ഗാനരംഗത്ത് ഉടനീളം ഇരുവരുടെയും പ്രണയം നിറഞ്ഞു നില്ക്കുന്നു.
നീ മുകിലോ എന്ന മനോഹര പ്രണയഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് ആലാപനം. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കൊണ്ട് ഒന്നര ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. അതേസമയം ആകാംഷ നിറച്ചുകൊണ്ട് ഉയരെ എന്ന ചിത്രത്തിന്റെ ട്രെയ്ലറും നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയ്ലറിനും ലഭിച്ചത്.
Read more:‘ദിസ് ഈസ് നോട്ട് എ ലൗ സ്റ്റോറി’; ‘ഇഷ്ക്’ റിവ്യൂ വായിക്കാം..
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്സില് നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.