സന്നാഹ മത്സരത്തില്‍ തകർന്നടിഞ്ഞ് ഇന്ത്യ
ലോകകപ്പ് സന്നാഹ മത്സരത്തിലെ ആദ്യ പോരാട്ടത്തില്‍ തകർന്നടിഞ്ഞ് ഇന്ത്യ. ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തില്‍തന്നെ ന്യൂസിലന്‍ഡ് ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്തു. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 13 ഓവര്‍ ബാക്കി നിര്‍ത്തി ആധികാരികമായിതന്നെ കീവീസ് മറികടക്കുകയായിരുന്നു. 37.1 ഓവറില്‍ തന്നെ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി ബുംറ, ഹർദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചവല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ ആരും തന്നെ സന്നാഹ മത്സരത്തിൽ മിന്നിത്തിളങ്ങിയില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പാളിച്ചകളോടെയായിരുന്നു തുടക്കം. 39.2 ഓവറിനുള്ളില്‍തന്നെ ഇന്ത്യൻ ബാറ്റിങ് നിര മടങ്ങുകയായിരുന്നു.
Read also: ‘ലോകകപ്പ്’ അറിയേണ്ടതെല്ലാം…ഒറ്റനോട്ടത്തിൽ
ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും ഇന്ത്യയ്ക്ക് തുടക്കത്തിലെ നഷ്ടമായി. ഇരുവരും രണ്ട് റണ്‍സ് വീതമാണ് എടുത്തത്. ആറ് റണ്‍സ് എടുത്തപ്പോഴേക്കും ലോകേഷ് രാഹുലിനെയും ടീം ഇന്ത്യയ്ക്ക് നഷ്ടമായി. 18 റണ്‍സ് എടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും കളംവിട്ടു. 30 റണ്‍സ് എടുത്ത് ഹര്‍ദ്ദിക് പാണ്ഡ്യയും പുറത്തായി. 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കുല്‍ദീപ് യാദവുമൊത്ത ജഡേജയുടെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തിയത്. അതേസമയം ന്യൂസിലന്‍ഡിനായി ബോള്‍ട്ട് നാലും നീഷാം മൂന്നും വിക്കറ്റെടുത്തു.