ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച
ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച. 39-ആം ഓവറിൽ 160 റൺസിന് അഫ്ഗാനിസ്ഥാന്റെ താരങ്ങളെല്ലാം പുറത്തായി. 44 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചറും ജോ റൂട്ടും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
പരിക്കേറ്റ ഓപ്പണർ മുഹമ്മദ് ഷഹ്സാദ് ഇല്ലാതെയാണ് അഫ്ഗാൻ ഇറങ്ങിയത്. നന്നായി തുടങ്ങിയ ഹസ്റതുള്ള സസായ് മൂന്നാം ഓവറിൽ തന്നെ പുറത്തായി. അഫ്ഗാനിസ്ഥാൻ്റെ എഴു ബാറ്റ്സ്മാന്മാർ രണ്ടക്കം കടന്നെങ്കിലും ആർക്കും പിടിച്ചു നിൽക്കാനായില്ല. നൂർ അലി സർദാൻ (30), ഹസ്മതുള്ള ഷാഹിദി (19), അസ്ഗർ അഫ്ഗാൻ (10), ഗുലബ്ദിൻ നയ്ബ് (14), മുഹമ്മദ് നബി (44), ദൗലത് സർദാൻ (20) എന്നിവരാണ് അഫ്ഗാനിസ്ഥാൻ്റെ സ്കോറർമാർ. ഒരു ഘട്ടത്തിൽ 92 റൺസിന് എട്ടു വിക്കറ്റ് എന്ന നിലയിൽ പതറിയ അഫ്ഗാനെ മുഹമ്മദ് നബിയുടെ ഒറ്റയാൾ പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്. അവസാന വിക്കറ്റിൽ നബിയും സർദാനും ചേർന്നുള്ള 33 റൺസിൻ്റെ കൂട്ടുകെട്ടും അഫ്ഗാൻ ടോട്ടലിൽ നിർണ്ണായകമായി.
ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയും ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 38 ഓവർ അവസാനിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് ശ്രീലങ്ക എടുത്തിരിക്കുന്നത്. ഓപ്പണർ ലഹിരു തിരിമന്നെ 56 റൺസെടുത്ത് പുറത്തായി. എല്ലാവരും രണ്ടക്കം കടന്നെങ്കിലും വലിയ ഇന്നിംഗ്സ് കളിക്കാൻ ആർക്കും സാധിച്ചില്ല.